ഉമ്മന്‍ ചാണ്ടിയെ വാഴ്ത്തി വെട്ടിലായി ടി സിദ്ദിഖ്; പോസ്റ്റ് പിൻവലിച്ചു; അഡ്മിൻ്റെ പിഴവെന്ന് വിശദീകരണം
തിരുവനന്തപുരം: തെലങ്കാനയിലെ കോണ്‍ഗ്രസ് വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വിശദീകരിച്ച് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് തടിയൂരി ടി സിദ്ദിഖ് എം.എല്‍.എ. ഉമ്മൻ ചാണ്ടിക്ക് തെലങ്കാനയിൽ അല്ല, ആന്ധ്രയിൽ ആയിരുന്നു ചുമതല എന്ന അടിസ്ഥാന വസ്തുത മറന്ന് നടത്തിയ പ്രസ്താവന പുലിവാൽ ആകുമെന്ന് ഉറപ്പായതോടെ ആണ് പോസ്റ്റ് പിൻവലിച്ചത്.
“അതൊരു അഡ്മിന്‍ പിഴവായിരുന്നു. ഞാന്‍ വെരിഫൈ ചെയ്താണ് എഫ്ബിയില്‍ പോസ്റ്റിംഗ് നടത്താറുള്ളത്. ഒരു പരിപാടിയിലായതിനാല്‍ കുറിപ്പ് കണ്ടില്ല. ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയിലാണ് ചുമതല നല്‍കിയിരുന്നത്, തെലങ്കാനയിൽ ആയിരുന്നില്ല. പിഴവ് തിരിച്ചറിഞ്ഞപ്പോള്‍ ഉടനടി പിന്‍വലിച്ചു” -ടി.സിദ്ദിഖ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കോൺഗ്രസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏൽപ്പിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നും പാര്‍ട്ടിയെ റീബില്‍ഡ് ചെയ്തു. പെട്ടെന്ന് കൊണ്ടുവന്ന മായാജാലമല്ല കോൺഗ്രസിന്‍റെ തെലങ്കാന വിജയം. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിൽ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നൽകുന്നു. ഈ മട്ടിൽ ആയിരുന്നു സിദ്ദിഖിന്‍റെ ഉമ്മന്‍ ചാണ്ടി സ്മരണ. പോസ്റ്റിലെ അപകടം തിരിച്ചറിഞ്ഞതോടെ ഡിലീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധിയുടെയും രേവന്ത് റെഡ്ഡിയുടേയും പടമുള്ള പോസ്റ്റിട്ട് പിന്തുണ അറിയിച്ചു.
ഡിലീറ്റ് ചെയ്ത പോസ്റ്റ് ഇങ്ങനെ:
കൊടുംചതിയിലൂടെ സോണിയാജിയെയും കോൺഗ്രസിനെയും വഞ്ചിച്ച് കെ ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോൾ കോൺഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോൾ കെസിആർ പറഞ്ഞത് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. എന്നാൽ കൊടുംചതിയിലൂടെ കെസിആർ അധികാര രാഷ്ട്രീയത്തിലെത്തി. കോൺഗ്രസിന്‍റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടി. അവിടെ കോൺഗ്രസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏൽപ്പിച്ചു.
പാർട്ടിയെ തെലങ്കാനയിൽ തിരിച്ച് കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയിൽ കോൺഗ്രസിനെ തിരിച്ച് കൊണ്ടുവരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോൺഗ്രസ് തെലങ്കാനയിൽ ശക്തമായി തിരിച്ച് വന്നപ്പോൾ നാം ഉമ്മൻ ചാണ്ടി സാറിനെ മറക്കരുത്. അദ്ദേഹം പാർട്ടിയെ ഒന്നുമില്ലായ്മയിൽ നിന്ന് റീ ബിൽഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ടുവന്ന മായാജാലമല്ല കോൺഗ്രസിന്‍റെ തെലങ്കാന വിജയം. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിൽ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നൽകുന്നു. ഈ വിജയം ഉമ്മന്‍ചാണ്ടി സാറിനു കൂടി അവകാശപ്പെട്ടതാണ്.
തെലങ്കാന തിരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടാണ് പ്രചാരണം നയിച്ചത്. ഇത് കണക്കിലെടുത്തില്ല. പകരം മറ്റൊരു സംസ്ഥാനത്ത് ചുമതല ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടിക്ക് ക്രെഡിറ്റ് കൊടുക്കുകയും ചെയ്തു. നാല് മാസം മുന്‍പ് അന്തരിച്ച ഉമ്മന്‍ ചാണ്ടിയെ ഈ മട്ടിൽ സ്മരിച്ചതിലെ അബദ്ധവും പലരും ചൂണ്ടിക്കാട്ടിയതോടെ ആണ് പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നത്.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാടില്‍ നിന്നുള്ള എംഎല്‍എ ആണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കൂടിയായ ടി സിദ്ദിഖ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം സിദ്ദിഖ് മാറിക്കൊടുത്ത ഒഴിവിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത്. ഇതുകൊണ്ടൊക്കെ ഗാന്ധി കുടുംബത്തിനും പരിഗണന ഉള്ള നേതാവാണ് സിദ്ദിഖ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here