ടി20 ലോകകപ്പ് ഫൈനല്‍ ഇന്ന്; ആര് കപ്പെടുത്താലും ചരിത്രം

2007ന് ശേഷം ഒരു ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യ. ചരിത്രത്തിലെ ആദ്യ കപ്പ് നേടാന്‍ ദക്ഷിണാഫ്രിക്ക. ടി20 ലേകകപ്പിന്റെ കലാശപോര് കടക്കും എന്നുറപ്പാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം അറിയാത്ത രണ്ട് ടീമുകളാണ് ഫൈനലിന് ഇറങ്ങുന്നത്. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ഫൈനല്‍.

ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നായകന്‍ രോഹിത്ത് ശര്‍മ്മ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ബാറ്റിങ്‌നിര ശക്തമാണ്. ഓപ്പണറായി എത്തുന്ന വിരാട് കോഹ്‌ലി ഫോമിലെത്താത്തതാണ് പ്രതിസന്ധി. ഋര്‍ഷഭ് പന്തും, സൂര്യകുമാര്‍ യാദവും വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നത് ഗുണമാണ്. അഞ്ചാം നമ്പരിലെത്തുന്ന ശിവം ദുബെ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ദുബെക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും പേസ് ബൗളിംഗിന്റെ കരുത്താണ്. രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ചേരുമ്പോള്‍ ബൗളിങ്‌നിര ശക്തം. ഒപ്പം ഹാര്‍ദിക് പാണ്ഡ്യ എന്ന ലോകോത്തര ഓള്‍റൗണ്ടറും കൂടിയാകുമ്പോള്‍ ആരും കിരീടം പ്രതീക്ഷിക്കും.

ആദ്യ ഐസിസി കിരീടത്തിനായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ആദ്യമായി ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങുമ്പോള്‍ കിരീടമല്ലാതെ നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ മുന്നില്‍ മറ്റൊന്നുമില്ല. ക്വിന്റണ്‍ ഡി കോക്കാണ് ബാറ്റിങ് നിരയിലെ ശക്തികേന്ദ്രം. എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയവര്‍ കുട്ടിക്രക്കറ്റിലെ വമ്പനടിക്കാരാണ്. ആന്റിച്ച് നോര്‍ദ്യെ, കാഗിസോ റബാഡ എന്നിവര്‍ക്കൊപ്പം മാര്‍ക്കോ യാന്‍സെനും ചേരുന്നതാണ് പേസ് നിര. സ്പിന്നറായി ടബ്രിയാസ് ഷംസിക്കൊപ്പം കേശവ് മഹാരാജുമുണ്ട്.

മഴയ്ക്ക് അമ്പത് ശതമാനം സാധ്യതയുണ്ടെന്നാണ് പ്രവചനം. അതിനാല്‍ 190 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 11.20ന് മത്സരം തുടങ്ങാന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണ ഓവര്‍ മത്സരം നടക്കും. പത്ത് ഓവറെങ്കിലും മത്സരം നടന്നാലെ വിജയിയെ കണ്ടെത്താന്‍ കഴിയൂ. അല്ലെങ്കില്‍ റിസര്‍വ്വ് ഡേ ആയ നാളേക്ക് മത്സരം മാറ്റും. നാളെയും മത്സരം നടന്നില്ലെങ്കില്‍ ഇരു ടീമുകളേയും വിജയികളായി പ്രഖ്യാപിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top