പാകിസ്താനെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം; ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമത്; സജീവമാക്കുന്നത് സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍
ഐസിസി ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം. ആറ് റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സില്‍ ഒതുങ്ങി. ആറ് റണ്‍സ് ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ സജീവമാക്കി. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയപ്പോള്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പാകിസ്താന്റെ നില പരുങ്ങലിലാണ്.
ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെയാണ് പാകിസ്താന്‍ ബാറ്റേന്തിയത്. പതിയെ സ്‌കോറുയര്‍ത്താനാണ് ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ശ്രമിച്ചത്. സ്‌കോര്‍ 26ല്‍ നില്‍ക്കേ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായി. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത പാക് നായകനെ ബുംറ പുറത്താക്കി. പിന്നാലെ ഉസ്മാന്‍ ഖാനും റിസ്വാനും സ്‌കോര്‍ 50-കടത്തി. 13 റണ്‍സെടുത്ത ഉസ്മാന്‍ ഖാനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 73ല്‍ നില്‍ക്കേ ഫഖര്‍ സമാനേയും നഷ്ടമായി. എട്ട് പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. പിന്നാലെ റിസ്വാനും തെറിച്ചു. 31 റണ്‍സെടുത്ത റിസ്വാനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ശദബ് ഖാനും പുറത്തായതോടെ പാകിസ്താന്‍ 88-5 എന്ന നിലയിലായി. ഇഫ്തിക്കറും പുറത്തായതോടെ അവസാന ഓവറില്‍ 18 റണ്‍സ് വേണ്ട അവസ്ഥയിലായി പാകിസ്താന്‍. 11 റണ്‍സ് മാത്രമേ കണ്ടെത്താനായുള്ളൂ. 113 റണ്‍സിന് പാക് ഇന്നിങ്‌സ് അവസാനിച്ചു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഋഷഭിന്‍റെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. 31 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കോലി മടങ്ങി. വെറും നാല് റണ്‍സ് മാത്രമെടുത്താണ് കോലി പുറത്തായത്. പിന്നീട് ഋഷഭ് പന്തും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് സ്‌കോറുയര്‍ത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here