‘അനിമല്‍’ സിനിമക്കെതിരെ താപ്‌സി പന്നു; അത്തരമൊന്നിൽ അഭിനയിക്കില്ല; പ്രേക്ഷകരോട് ഉത്തരവാദിത്തം ഉണ്ടെന്നും താരം

‘അനിമല്‍’ പോലൊരു സിനിമയില്‍ താന്‍ ഒരിക്കലും അഭിനയിക്കില്ലെന്നും എന്നാല്‍ ഇത്തരം സിനിമകള്‍ ചെയ്യരുതെന്ന് മറ്റ് അഭിനേതാക്കളോട് പറയുന്ന ഒരാളല്ല താനെന്നും ബോളിവുഡ് നടി താപ്‌സി പന്നു. ചിത്രം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രാജ് ഷാമണിക്ക് നല്‍കിയ അഭിമുഖത്തില്‍ താപ്‌സി പന്നു പറഞ്ഞു.

സന്ദീപ് റെഡ്ഡി വാങ്കെ സംവിധാനം ചെയ്ത അനിമല്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായെങ്കിലും ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിരുന്നു. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, ത്രിപ്തി ദിംരി എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തിയത്. രശ്മികയുടെ ഗീതാഞ്ജലി എന്ന കഥാപാത്രം സമീപകാല സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഡിസംബര്‍ ഒന്നിനായിരുന്നു റിലീസ്.

“പലരും എന്നോട് ആ സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഞാനൊരു തീവ്രപക്ഷക്കാരിയല്ല. അതുകൊണ്ട് വിയോജിക്കാനുള്ള ആളുകളുടെ അവകാശത്തോട് ഞാൻ യോജിക്കുന്നു. ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്തുകൊണ്ട് ‘ഗോണ്‍ ഗേള്‍’ ഇഷ്ടപ്പെട്ട നിങ്ങള്‍ക്ക് എന്തുകൊണ്ട് ‘അനിമല്‍’ ഇഷ്ടപ്പെട്ടുകൂടാ എന്ന് ചോദിക്കരുത്. നമ്മുടെ സിനിമകളുടെ പ്രേക്ഷകർ ഹോളിവുഡിലെ പ്രേക്ഷകരെ പോലെയല്ല. അവിടെ ആരും അഭിനേതാക്കളുടെ ഹെയര്‍സ്‌റ്റൈല്‍ അനുകരിക്കുകയോ സിനിമ യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തുകയോ ചെയ്യാറില്ല. ഒരുസിനിമ കണ്ട് അവര്‍ സ്ത്രീകളുടെ പുറകെ നടന്ന് ശല്യപ്പെടുത്താറുമില്ല. എന്നാല്‍ ഇവിടെ ഇതെല്ലാം സംഭവിക്കുന്നുണ്ട്, അതാണ് യാഥാര്‍ത്ഥ്യം,” താപ്‌സി പറഞ്ഞു.

ബോളിവുഡില്‍ താരമാകുന്നതോ അഭിനേതാവാകുന്നതോ ഒരുതരം അധികാരം നിങ്ങളില്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും ആ അധികാരത്തോടൊപ്പം ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും താപ്‌സി പറഞ്ഞു. “എന്നാല്‍ ഏതെങ്കിലും ഒരു അഭിനേതാവിനോട് നിങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കരുത് എന്ന് പറയുന്ന ആളല്ല ഞാന്‍. അവര്‍ക്ക് അവരുടെ സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ ജീവിക്കുന്നത് ഒരു സ്വതന്ത്ര രാഷ്ട്രത്തിലാണ്. എല്ലാവര്‍ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഉണ്ട്. അനിമല്‍ പോലൊരു സിനിമ ഞാന്‍ ചെയ്യില്ല എന്നുമാത്രം.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top