‘തുമ്പ പാസ്പോർട്ട്’ സംഘത്തിലെ പ്രധാനി പോലീസുകാരൻ മുഖ്യമന്ത്രിയുടെ മെഡലിനുള്ള പരിഗണനാലിസ്റ്റിൽ; ബാഡ്ജ് ഓഫ് ഓണറും നേടിയ ‘മിടുക്കൻ SCPO’ അൻസിൽ കുടുങ്ങിയത് എങ്ങനെ

മരിച്ചവരുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി പാസ്പോർട്ട് എടുത്തിരുന്ന സംഘം തലസ്ഥാനത്ത് പ്രവർത്തിച്ചത് തികച്ചും ആസൂത്രിതമായി. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് എടുത്തിരുന്ന വീടിൻ്റെ അഡ്രസ് ഉപയോഗിച്ച് 12 പാസ്പോർട്ട് എങ്കിലും ഈ സംഘം എടുത്തിട്ടുള്ളതായി കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മിഷണർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വ്യാജരേഖകൾ ഉപയോഗിച്ച് തന്നെയാണ് തുമ്പയിൽ വീട് വാടകക്ക് എടുത്തത്. തുടർന്ന് പാസ്പോർട്ട് എടുക്കാനുള്ള പേരുകൾ ഉൾപ്പെടുത്തി ഈ അഡ്രസിൽ വ്യാജരേഖകൾ തയ്യാറാക്കി. ഇവയെല്ലാം ഉപയോഗിച്ച് പാസ്പോർട്ടിനായി അപേക്ഷ സമർപ്പിക്കും. തുടർന്ന് നടക്കുന്ന പോലീസ് വെരിഫിക്കേഷൻ എന്ന കടമ്പ കടത്തിവിടാനുള്ള ചുമതലയാണ് എസ്സിപിഒ അൻസിൽ തട്ടിപ്പുസംഘത്തിനായി ഏറ്റെടുത്ത് ചെയ്തുപോന്നത്.

അൻസിൽ 2021 മുതൽ തുമ്പ സ്റ്റേഷനിൽ ജോലിചെയ്യുകയാണ്. ഇതിൽ ഒന്നര വർഷത്തിലേറെ പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തിയിരുന്നു. ഈ കാലയളവിൽ വ്യാജ പാസ്പോർട്ട് സംഘം വാടകക്ക് എടുത്തിട്ടിരിക്കുന്ന വീടിൻ്റെ അഡ്രസിലെത്തിയ അപേക്ഷകളെല്ലാം പരിശോധനയൊന്നുമില്ലാതെ അൻസിൽ പാസാക്കിവിട്ടു. ഇടക്കാലത്ത് ചില സാമ്പത്തിക ആരോപണങ്ങൾ ഉയർന്നപ്പോൾ അൻസിലിനെ ഈ ജോലിയിൽനിന്ന് മാറ്റി സ്റ്റേഷനിലെ ജനറൽ ഡ്യൂട്ടിയിൽ നിയോഗിച്ചു. എന്നാൽ അപ്പോഴും തുമ്പ പരിധിയിലെ പാസ്പോർട്ട് വെരിഫിക്കേഷനുകളിൽ അൻസിൽ ഇടപെട്ട് കൊണ്ടിരുന്നു. നിലവിൽ വെരിഫിക്കേഷൻ നടത്തുന്ന ഷാജു, മഹേഷ്‌ എന്നീ പോലീസുകാർക്ക് ഇവിടെ ഒരുവർഷത്തിൽ താഴെ ജോലിചെയ്തുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ. അത് മുതലെടുത്താണ് അൻസിൽ ഇടപെട്ടിരുന്നത് എന്നാണ് സൂചന.

പലരുടെയും ഐഡൻ്റിറ്റി കാർഡുകളടക്കം രേഖകൾ ഈ പോലീസുകാരുടെ വാട്സാപ്പ് നമ്പറിലേക്ക് അൻസിൽ അയച്ചതിൻ്റെ തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൻ്റെ ബന്ധുകളാണെന്നും അടുപ്പക്കാരാണെന്നും നേരിട്ട് അറിയുന്നവരാണെന്നും മറ്റുമൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരെ ഉപയോഗിച്ചും പല അപേക്ഷകളിൽ ഇയാൾ ഇവരെ ഇങ്ങനെ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്ന സിവിൽ പോലീസ് ഓഫീസർ മഹേഷ് കുമാറിൻ്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടിലുമായി പോലീസുകാരൻ ഉൾപ്പെടെ അഞ്ചുപ്രതികളാണ് ഇതുവരെയുള്ളത്. പാസ്പോർട്ട് ആക്ടിന് പുറമെ വ്യാജരേഖ ചമച്ചതിനും വഞ്ചനക്കുമുള്ള വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുറ്റാന്വേഷണ മികവിന് ഡിജിപി നൽകുന്ന ബാഡ്ജ് ഓഫ് ഓണർ അംഗീകാരത്തിന് ഇക്കഴിഞ്ഞ തവണ അൻസിൽ അർഹനായിരുന്നു. കൂടാതെ അടുത്ത തവണത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനായി സ്റ്റേഷനിൽ നിന്ന് നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെട്ടിരുന്നു. ഈ പട്ടിക നിലവിൽ സിറ്റി പോലീസ് കമ്മിഷണറുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് അതീവ ഗുരുതര കുറ്റകൃത്യത്തിലുള്ള പങ്ക് പുറത്തുവരുന്നത്. സിറ്റി ഡെപ്യൂട്ടി കമ്മിഷണർ നിതിൻ രാജാണ് ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്. കൂടുതൽ കേസുകൾ പുറത്തുവരുമെന്നും കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും ഉറപ്പാണ്. വിവരം കിട്ടിയയുടൻ അന്വേഷണത്തിന് നിർദേശിക്കുകയും പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുകയും ചെയ്തതിനാൽ പോലീസിന് മുഖം രക്ഷിക്കാനായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top