ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ താലിബാൻ; ‘ടെക്നിക്കൽ ഡെലിഗേഷൻ’ പുറപ്പെട്ടതായി അറിയിപ്പ്

2021ൽ അഫ്ഗാൻ ഭരണം പിടിച്ചെടുത്ത താലിബാൻ സംഘത്തെ ലോകരാജ്യങ്ങൾ പലരും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലവിധ ഉപരോധങ്ങളും നിയന്ത്രണങ്ങളും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യാന്തര സമൂഹങ്ങളിൽ പലരുമായി ഇടപഴകാനും ബന്ധം മെച്ചപെടുത്താനും ഉള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ വേദിയെ താലിബാൻ ഉപയോഗപ്പെടുത്തും എന്നാണ് സൂചന.
രൂക്ഷമാകുന്ന വരൾച്ച അഫ്ഗാനിസ്ഥാൻ്റെ നടുവൊടിക്കുന്നുണ്ട്. കാർഷിക മേഖലയാകെ താളംതെറ്റിയ അവസ്ഥയിലാണ്. ഇതോടെ ഭക്ഷ്യസുരക്ഷയും അവതാളത്തിലായി ഒട്ടേറെപ്പേരുടെ ഉപജീവനം തന്നെ മുട്ടിയ അവസ്ഥയിലാണ്. ആകെയുള്ള 34 സംസ്ഥാനങ്ങളിൽ 25ലും ഇതാണ് സ്ഥിതി. സാമ്പത്തിക സ്ഥിതിയും അതീവ ദാരിദ്ര്യ അവസ്ഥയിലാണ്.
അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നാളെ തുടങ്ങുന്ന സമ്മേളനത്തിനായി പ്രതിനിധികൾ പുറപെട്ടതായി അഫ്ഗാൻ എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ ഏജൻസി ആണ് എക്സിലൂടെ അറിയിച്ചത്. രാജ്യം നേരിടുന്ന പലവിധ പ്രശ്നങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുമെന്ന് സംഘത്തെ നയിക്കുന്ന എം എച്ച് ഖാലിസ് പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here