തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബര്‍ സെല്ലിന്റെ സമൻസ്; ചോദ്യം ചെയ്യല്‍ ഐപിഎല്‍ മത്സരങ്ങളുടെ അനധികൃത സംപ്രേഷണത്തില്‍
മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ് എന്ന വാതുവയ്പ്പ് ആപ്ലിക്കേഷന്റെ അനുബന്ധ സ്ഥാപനമായ ഫെയര്‍പ്ലേ ആപ്പില്‍, അനധികൃതമായി 2023ലെ ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയ്ക്ക് സമന്‍സ് അയച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍. ഫെയര്‍ പ്ലേ ബെറ്റിങ് ആപ്പില്‍ ഐപിഎല്‍ കാണണമെന്ന് പ്രോത്സാഹിപ്പിച്ചതിനാണ് തമന്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഏപ്രില്‍ 29ന് മഹാരാഷ്ട്രയിലെ സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡല്‍ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് തമന്നയ്ക്ക് ലഭിച്ച നിര്‍ദേശം.
സമാന വിഷയത്തില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഏപ്രില്‍ 23നാണ് സഞ്ജയ് ദത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് താരം ഹാജരായില്ല. അന്നേദിവസം ഇന്ത്യയിലുണ്ടാകില്ലെന്നും മറ്റൊരു സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. സഞ്ജയ് ദത്തിന്റെ മാനേജര്‍മാരെ സൈബര്‍ സെല്‍ ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മാനേജര്‍മാരെയും ഇതേ കേസില്‍ സൈബര്‍ സെല്‍ ചോദ്യം ചെയ്തു. ഗായകന്‍ ബാദ്ഷയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെയര്‍ പ്ലേയില്‍ ഐപിഎല്‍ മത്സരം സ്ട്രീം ചെയ്തതുവഴി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാധ്യമ വിഭാഗമായ വയാകോമിന് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഐപിഎല്‍ മത്സരങ്ങള്‍ ഒന്നിലധികം വെബ്‌സൈറ്റുകളില്‍ അനധികൃതമായി സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വയാകോമിന് അനുകൂല വിധി പ്രസ്താവിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here