തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍
ചെന്നൈ: സംഗീത സംവിധായകനും തമിഴ് നടനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് വിവരം. പതിനാറ് വയസായിരുന്നു. ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ചു നാളായി മീര ചികിത്സയിലായിരുന്നു.
വിജയ് ആന്റണിയുടെ ‘രത്തം’ റിലീസിനായി ഒരുങ്ങുകയാണ്. പുതിയ പ്രൊജെക്ടുകളുമായി തിരക്കിലായിരുന്നു നടൻ. അടുത്തിടെ ചെന്നൈയിൽ എആര്‍ റഹ്മാനുമായി സംഗീത നിശ നടത്തിയിരുന്നു. ഷോയിലെ അനിഷ്ട സംഭവങ്ങള്‍ ആസൂത്രിതമാണെന്നും വിജയ് ആന്റണിക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് വിജയും രംഗത്ത് വന്നിരുന്നു, തനിക്കെതിരെ വരുന്ന വാർത്തകൾ വ്യാജമാണെന്നും, ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
2010 കാലഘട്ടത്തില്‍ തിരക്കേറിയ സംഗീത സംവിധായകനായ വിജയ് ആന്‍റണി പിന്നീടാണ് നടനായി മാറിയത്. ‘നാൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ‘പിച്ചെക്കാരന്‍’, ‘സലിം’ എന്നീ ചിത്രങ്ങളാണ് വിജയുടെ കരിയറിലെ ഹിറ്റുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here