തമിഴകത്തിന്റെ ‘ക്യാപ്റ്റന്’ വിട; വിജയകാന്തിന്റെ മരണം കോവിഡ് ചികിത്സയിലിരിക്കെ
ചെന്നൈ: തമിഴകത്തിന്റെ ‘ക്യാപ്റ്റൻ’ നടൻ വിജയകാന്ത് (71) അന്തരിച്ചു. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപക നേതാവായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണവിവരം പുറത്തുവിട്ടത്. തമിഴ് സിനിമയിലെ ആക്ഷൻ ഹീറോയായിരുന്ന വിജയകാന്ത് തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു.
1952 ആഗസ്റ്റ് 25-ന് മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റൻ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ‘ഇനിക്കും ഇളമൈ’ ആയിരുന്നു ആദ്യചിത്രം. നടന്‍ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്കകാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും.
1981ൽ പുറത്തിറങ്ങിയ ‘സട്ടം ഇരുട്ടറൈ’ എന്ന ചിത്രത്തിലൂടെയാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. അദ്ദേഹത്തിന്റെ നൂറാം ചിത്രമായ ‘ക്യാപ്റ്റന്‍ പ്രഭാകര്‍’ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ ‘വിരുദഗിരി’ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.
2005ൽ ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ ) എന്ന രാഷ്ട്രീയ പാർട്ടി രൂപികരിച്ചു. 2006ൽ ആദ്യമായി നിയമസഭാംഗമായി. 2011ൽ എഐഡിഎംകെയുമായി സംഖ്യമുണ്ടാക്കി 40 സീറ്റിൽ മത്സരിച്ചു. 29 എണ്ണത്തിൽ ഡിഎംഡികെ വിജയം കണ്ടു. 2011 പ്രതിപക്ഷ നേതാവായി. ആരോഗ്യ പ്രശ്നങ്ങൾ മൂലം കുറച്ചു നാളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രേമലതയാണ് ഭാര്യ, മക്കൾ ഷൺമുഖ പാണ്ഡ്യന്‍, വിജയപ്രഭാകരൻ. 1994-ല്‍ എം.ജി.ആര്‍ പുരസ്‌കാരം, 2001-ല്‍ കലൈമാമണി പുരസ്‌കാരം, 2009-ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here