സുപ്രീംകോടതി വിരട്ടി; തമിഴ്നാട് ഗവർണർ വഴങ്ങി; മുൻ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ചെന്നൈ: സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ എഐഡിഎംകെ മുൻ മന്ത്രിമാരെ വിചാരണ ചെയ്യാൻ അനുമതി നൽകി തമിഴ്നാട് ഗവർണർ ആർ.എൻ. രവി. സിബിഐ അന്വേഷിച്ച ഗുട്ഖ കേസിൽ എഐഎഡിഎംകെ മുൻ മന്ത്രിമാരായ സി. വിജയഭാസ്‌കറിനെയും ബി.വി. രമണയെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് ഗവർണർ നൽകിയിരിക്കുന്നത്.

ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കാൻ 14 മാസം മുൻപാണ് ഡിഎംകെ സർക്കാർ അനുമതി തേടിയത്. എന്നാൽ നിയമപരിശോധന പൂർത്തിയായിട്ടില്ല എന്ന കാരണം പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ആർ.എൻ.രവിയുടെ നിലപാടിനെതിരെ തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ രൂക്ഷ വിമർശനമാണ് ഇന്ന് സുപ്രീം കോടതി നടത്തിയത്.

ബില്ലുകൾ 2020 മുതൽ കെട്ടിക്കിടക്കുന്നുവെന്നും മൂന്ന് വർഷമായി ഗവർണർഎന്തു ചെയ്യുകയായിരുന്നുവെന്നാണ് സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കുമ്പോൾ ചോദിച്ചത്. ഒരു ഗവർണർക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാതെ ഒരു ബില്ലിന്റെ അനുമതി തടഞ്ഞുവയ്ക്കാൻ കഴിയുമോ എന്നും കോടതി വിമർശിച്ചു. ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ പ്രത്യേക നിയമസഭ കൂടി തമിഴ്നാട് സർക്കാർ ശനിയാഴ്ച പാസാക്കിയിരുന്നു. ഇവ വീണ്ടും ഗവർണറുടെ പരിഗണനക്കായി അയച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ”ഗവർണർ എന്ത് ചെയ്യുമെന്ന് നോക്കാം ” എന്നറിയിച്ചു. കേസ് ഡിസംബർ 1ന് വീണ്ടും പരിഗണിക്കും.

അതേ സമയം, നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം നൽകിയ റിട്ട് ഹർജി പരിഗണിക്കുന്നത് വെളിയാഴ്ചയിലേക്ക് സുപ്രീംകോടതി മാറ്റി. ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണൻ എംഎൽഎയും സമർപ്പിച്ച ഹർജികളിൽ ഗവർണർ ഒഴികെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസയച്ചു. കേന്ദ്ര സർക്കാറിന് പുറമെ രണ്ടാം എതിർകക്ഷിയായ ഗവർണറുടെ അഡീഷണല്‍ സെക്രട്ടറിക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഗവർണർ നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഗവർണറുടെ നടപടി കേരളത്തിലെ ജനങ്ങളോടും നിയമസഭാംഗങ്ങളോടും കാട്ടുന്ന കടുത്ത അനീതിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജിയും സമർപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top