കടും നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നു; ചെന്നൈ കോർപറേഷനിലെ ആദ്യ വനിതാ ഡഫേദാറെ സ്ഥലംമാറ്റി
ചെന്നൈ കോര്‍പറേഷനിലെ ആദ്യ വനിതാ ഡഫേദാറിനെ സ്ഥലം മാറ്റി. വിചിത്രമായ കാരണമാണ് സ്ഥലംമാറ്റത്തിന് പിന്നിലുള്ളതെന്നാണ് പ്രശ്നത്തെ ചൂടുപിടിപ്പിക്കുന്നത്. മേയര്‍ ആര്‍.പ്രിയയുടെ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ എസ്.ബി.മാധവി കടുംനിറത്തിലുള്ള ലിപ്സ്റ്റിക്ക് ധരിക്കുന്നു എന്നാണ് ആക്ഷേപം. ഇതാണ് നടപടിക്ക് ഇടയാക്കിയത്. കോർപറേഷൻ്റെ മണലി സോണിലേക്കാണ് സ്ഥലം മാറ്റം നല്‍കിയത്. ഇതോടെ ഡഫേദാര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
ആദ്യം മെമ്മോ നല്‍കി വിശദീകരണം വാങ്ങിയ ശേഷമാണ് സ്ഥലംമാറ്റിയത്. ലിപ്സ്റ്റിക്ക് പ്രശ്നത്തിന് പകരം ഡ്യൂട്ടിയിലെ വീഴ്ച, സമയത്ത് ജോലിക്ക് വരാതിരിക്കുക, നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മെമ്മോയിൽ ഉള്ളത്. മേയറുടെ പേഴ്സണല്‍ അസിസ്റ്റന്റ് ശിവശങ്കറാണ് ലിപ്സ്റ്റിക്ക് ധരിച്ച് ജോലിക്ക് വരരുതെന്ന് മാധവിയോട് നിര്‍ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെമ്മോയും നല്‍കിയിരുന്നു.
ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് കുറ്റമാണെങ്കില്‍ വിലക്കുന്ന ഉത്തരവ് കാണിക്കാന്‍ മാധവി നല്‍കിയ വിശദീകരണത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും മാധവി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുശേഷമാണ് സ്ഥലംമാറ്റ ഉത്തരവ് മാധവിക്ക് ലഭിച്ചത്.
എന്നാല്‍ സംഭവം വിവാദമായതോടെ ലിപ്സ്റ്റിക്ക് ഉപയോഗിച്ചതിനല്ല സ്ഥലം മാറ്റം എന്ന് പറഞ്ഞു മേയര്‍ രംഗത്തെത്തി. വനിതാ ദിനാഘോഷത്തിനിടെയുള്ള ഫാഷൻ ഷോയിൽ ഡഫേദാർ പങ്കെടുത്തതിനെതിരെ വിമർശനം ഉയര്‍ന്നിരുന്നുവെന്നാണ് ഡിഎംകെ മേയറായ പ്രിയ പ്രതികരിച്ചത്. കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ഓഫീസില്‍ ഉപയോഗിക്കരുതെന്ന് തന്റെ പിഎ അവരോട് ആവശ്യപ്പെട്ടിരുന്നതായും മേയര്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here