തമിഴകം മുഖം നോക്കി വോട്ട് ചെയ്യുന്നവര്‍; ഗൗതമിയുടെ രാജി ബിജെപിയ്ക്ക് തിരിച്ചടിയാവുമോ? അണ്ണാമലൈയും അങ്കലാപ്പില്‍

ചെന്നൈ: തെന്നിന്ത്യന്‍ താരം ഗൗതമിയുടെ രാജി തമിഴകത്തെ ബിജെപി സാധ്യതകള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുമോ? പാര്‍ട്ടിയുടെ കരുത്തുറ്റ സഖ്യകക്ഷിയായ എഐഎഡിഎംകെ പാര്‍ട്ടി വിട്ട ആഘാതം വിട്ടുമാറും മുന്‍പാണ് താരത്തിളക്കമുള്ള ഗൗതമി കൂടി കൂടൊഴിയുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ എന്ന ഒരൊറ്റ നേതാവിനെ ആശ്രയിച്ച് മുന്നേറാനുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാവുകയാണ് നിലവിലെ സംഭവവികാസങ്ങള്‍.

ഡിഎംകെ- എഐഎഡിഎംകെയാണ് മാറിമാറി ഭരണത്തിലെങ്കിലും തമിഴകത്ത് ശക്തനായ ഒരു നേതാവില്ല. ജയലളിത-കരുണാനിധി യുഗത്തിന് ശേഷം ഇത്തരമൊരു അഭാവം പ്രകടമാണ്. ഇത് തിരിച്ചറിഞ്ഞാണ് അണ്ണാമലൈയെ പ്രതിഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഈ രീതിയില്‍ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന നേതാവിന് കനത്ത രാഷ്ട്രീയ പ്രഹരം സമ്മാനിച്ചാണ് നേതൃത്വത്തെ കുറ്റപ്പെടുത്തി ഗൗതമി പാര്‍ട്ടി വിട്ടത്.

വ്യാജരേഖകള്‍ ചമച്ച് തന്റെ സ്ഥലം തട്ടിയെടുത്ത മുന്‍ സുഹൃത്ത് അഴകപ്പനെ സംരക്ഷിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആരോപിച്ചാണ് രാജി. 25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് നടി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. തന്റെ സുഹൃത്തായിരുന്ന ബിൽഡര്‍ അഴകപ്പൻ, ഭാര്യ എന്നിവർക്ക് എതിരെയായിരുന്നു പരാതി.

തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്‌ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകി. എന്നാല്‍ ഇവര്‍ തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ വിഷയത്തില്‍ പാര്‍ട്ടി എതിര്‍പക്ഷത്ത് നിന്നുവെന്നാണ് നടിയുടെ ചിന്ത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചത് അലട്ടിയിരുന്നു. ഈ പ്രശ്നം മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് സ്വത്ത്‌ കേസിലെ പാര്‍ട്ടി നിലപാടും അസ്വസ്ഥതയുണ്ടാക്കിയത്.

കാല്‍ നൂറ്റാണ്ട് കാലമായുള്ള ബന്ധമാണ് ഗൗതമി ഒഴിവാക്കിയത്. എക്സ്’ പ്ലാറ്റ് ഫോമില്‍ തന്റെ രാജിക്കത്ത് അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ശേഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ബിജെപിയുടെ കടുത്ത രാഷ്ട്രീയ ശത്രുവായ മുഖ്യമന്ത്രി എ.കെ.സ്റ്റാലിനാണ് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും നീതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നുമാണ് നടി പ്രതികരിച്ചിരിക്കുന്നത്. ഡിഎംകെ പാളയത്തിലേക്കാണ് പോക്കെന്ന സൂചനയാണ് രാജിക്കത്തിലൂടെ ശക്തമാകുന്നത്.

ഗൗതമിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് അണ്ണാമലൈ രംഗത്ത് വന്നത്. ഗൗതമിയുടെ പക്ഷത്താണ് താനെന്നാണ് അദ്ദേഹം പറഞ്ഞത്. ചില കാര്യങ്ങളിൽ തെറ്റിദ്ധാരണയുണ്ടായി. അത് പരിഹരിച്ച് മുന്നോട്ട് പോകും. 25 വർഷമായി അയാൾ ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു. ഗൗതമിയും ആ വ്യക്തിയും തമ്മിലാണ് കേസ്, പാർട്ടി എന്നും ഗൗതമിക്കൊപ്പമാണ്- അണ്ണാമലൈ വ്യക്തമാക്കി. പക്ഷെ ഇതൊന്നും നടിയെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമായില്ല. ബിജെപിയുടെ മുഖത്തും പ്രതീക്ഷകള്‍ക്കും കടുത്ത പ്രഹരമേല്‍പ്പിച്ചാണ് അവര്‍ രാജി നല്‍കിയത്.

തമിഴകത്ത് പൊതുസമ്മതി സിനിമാ താരങ്ങള്‍ക്കാണ്. താരങ്ങള്‍ രാഷ്ട്രീയത്തിലെത്തുന്നതുകൊണ്ടാണ് നമ്മള്‍ രക്ഷപ്പെടുന്നതെന്ന് മുന്‍ മുഖ്യമന്ത്രി എംജിആറിനെ ചൂണ്ടിക്കാട്ടി പരസ്യമായി പറഞ്ഞ പാരമ്പര്യമാണ് തമിഴര്‍ക്കുള്ളത്. ഈ താരക്കരുത്ത് തരാതരം ഉപയോഗിച്ച് തന്നെയാണ് കരുണാനിധി-ജയലളിത നേതൃത്വത്തിന് കീഴില്‍ ഡിഎംകെ-എഐഎഡിഎംകെ പാര്‍ട്ടികള്‍ മാറിമാറി ഭരണം നടത്തിയിരുന്നതും. തമിഴ്‌നാട്ടിലെ വോട്ടർമാരിൽ അറുപത് ശതമാനവും സ്ത്രീകളാണ്. മുഖം നോക്കി വോട്ട് ചെയ്യുന്ന പാരമ്പര്യമാണ് ഇവര്‍ക്കുള്ളതും. ഈ നീക്കത്തിന് ബിജെപിയ്ക്ക് അനുയോജ്യമായ മുഖമായിരുന്നു ഗൗതമി. താരങ്ങളുടെ സ്വാധീനശക്തി തിരിച്ചറിയുന്നതുകൊണ്ടാണ് ഗൗതമിയുടെ രാജി ബിജെപിയ്ക്ക് ചെറുതല്ലാത്ത തിരിച്ചടിയാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top