ക്ഷേത്രത്തിനുള്ളിൽ പീഡനം; പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ 70കാരനായ പൂജാരി അറസ്റ്റിൽ
അടിക്കടി റിപോർട്ട് ചെയ്യപ്പെടുന്ന കുട്ടികൾക്കെതിരായ പീഡനക്കേസുകളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. എല്ലാ ഭാഗത്തും നിന്നും ഇത്തരം കേസുകൾ ഉണ്ടാകുന്നു. തമിഴ്നാട്ടിൽ നിന്നാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരിക്കുന്നത് മറ്റാരുമല്ല, അതേ ക്ഷേത്രത്തിലെ പൂജാരിയാണ്. പ്രായം 70.
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. പെരിയകുളത്തിനടുത്ത് വടക്കരൈയിലെ ഭഗവതി അമ്മൻ ക്ഷേത്രത്തിലെ പൂജാരിയായ തിലകർ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ മധുരം തരാമെന്ന് പറഞ്ഞ് പൂജാരി ഉള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഉടൻ തന്നെ കുട്ടിയുടെ കുടുംബവും ഗ്രാമവാസികളും കൂട്ടമായി ക്ഷേത്രത്തിലേക്ക് എത്തി. ആൾക്കൂട്ട ആക്രമണം ഭയന്ന പൂജാരി ക്ഷേത്ര കവാടം അടയ്ക്കുകയായിരുന്നു.
വിവരം അറിഞ്ഞ് വടക്കരൈ പോലീസ് സ്ഥലത്ത് എത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുട്ടികൾക്ക് മധുരം നൽകി ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി പൂജാരി പീഡിപ്പിക്കുന്നത് പതിവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here