തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് ഡിഎംകെ എന്ന് വിജയ്; തമിഴകം ടിവികെയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപനം
തമിഴകത്തെ ഇളക്കിമറിച്ച് സൂപ്പർതാരം വിജയ് യുടെ രാഷ്ട്രീയ രംഗപ്രവേശം. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനത്തിന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ അവിസ്മരണീയമായ തുടക്കമാണ് ലഭിച്ചത്. അണികളെ കോരിത്തരിപ്പിക്കുന്ന പ്രസംഗമാണ് വിജയ് നടത്തിയത്.
ദ്രാവിഡ നേതാക്കളെ സ്മരിച്ചാണ് പ്രസംഗം മുന്നോട്ട് കൊണ്ടുപോയത്. അണികള്‍ കയ്യടിച്ചാണ് വാക്കുകളെ സ്വീകരിച്ചത്. ഒട്ടും ഭയമില്ലാതെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ആരുടേയും എ ടീമോ ബി ടീമോ ആകില്ലെന്നും വിജയ് പറഞ്ഞു. ആരാധകർ സമ്മാനിച്ച ‘വീരവാൾ’ സമ്മേളനവേദിയിൽ വിജയ് ഉയർത്തിക്കാട്ടി.
ചേര, ചോഴ, പാണ്ഡ്യ രാജാക്കന്മാരുടെ കൂറ്റൻ കട്ടൗട്ടുകൾക്കൊപ്പമായിരുന്നു വിജയുടെ കട്ടൗട്ടും. വലിയ ആസൂത്രണമാണ് യോഗത്തിനായി നടത്തിയത്. തെല്ലും പിഴയ്ക്കാതെയുള്ള ആസൂത്രണ മികവ് ടിവികെ യോഗത്തിനെ ശ്രദ്ധേയമാക്കി.
ഡിഎംകെക്ക് നേര്‍ക്കുള്ള യുദ്ധപ്രഖ്യാപനമായിരുന്നു പ്രസംഗം. തമിഴ്നാട് ടിവികെയ്ക്ക് ഒപ്പം നില്‍ക്കുമെന്നു വിജയ് പ്രഖ്യാപിച്ചു. “അടുത്ത നിയമസഭാ സമ്മേളനത്തില്‍ മത്സരിക്കും. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് ഡിഎംകെ. രാഷ്ട്രീയ എതിരാളി ഡിഎംകെയാണ്. ആശയപരമായി എതിരാളിയാണ് ബിജെപി. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും.” – വിജയ് പറഞ്ഞു.
വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സമ്മേളനത്തിന് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ജനക്കൂട്ടം വിക്രവാണ്ടിയിലേക്ക് എത്തിയത്. താരത്തിളക്കത്തോടെയാണ് വേദിയിലേക്ക് വിജയ് എത്തിയത്. തിരക്കിനിടെ നിരവധി പേര്‍ കുഴഞ്ഞുവീണു. 110 അടി ഉയരത്തിലാണ് കൊടിമരം. മോട്ട് ഉപയോഗിച്ചാണ് പാർട്ടിപതാക ഉയർത്തിയത്. കേരളം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആരാധകര്‍ എത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here