ഗവര്‍ണറെ വിറപ്പിച്ച ‘വെട്രിവേല്‍’ സ്റ്റാലിന്‍; സംഘപരിവാര്‍ വിരട്ടലിന് കീഴടങ്ങാത്ത അച്ഛന്റെ മകന്‍

ബിജെപിയുടേയും നരേന്ദ്ര മോദി സര്‍ക്കാരിന്റേയും ഭീഷണിക്കു മുന്നില്‍ നട്ടെല്ല് വളയ്ക്കാത്ത ചുരുക്കം ചില മുഖ്യമന്ത്രിമാരില്‍ ഒരാളാണ് തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ എന്ന മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍. അധികാരത്തിലേറിയ അന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാലിനോട് ചതുരൂപായങ്ങള്‍ പയറ്റി നോക്കിയിട്ടും വഴങ്ങാതെയും കീഴടങ്ങാതെയും നില്‍ക്കുന്ന പോരാളിയാണ്.ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പരമാവധി ശ്വാസം മുട്ടിക്കാന്‍ നോക്കിയിട്ടും കലൈഞ്ജരുടെ മകന്‍ പേടിച്ചില്ല. ഒടുവില്‍ സുപ്രീം കോടതിയെ ഇടപെടുവിച്ച് ഫെഡറലിസത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചു. അഴിമതിയുടെ പേരില്‍ കേന്ദ്രം കണ്ണുരുട്ടുമ്പോള്‍ സാഷ്ടാംഗം വീണു കിടക്കുന്ന മുഖ്യമന്ത്രിമാരില്‍ നിന്ന് സ്റ്റാലിനെ വ്യത്യാസ്തനാക്കുന്നത് അദ്ദേഹത്തിന്റെ വളയാത്ത നട്ടെല്ലിന്റ ശക്തി തന്നെയാണ്.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി തുടക്കം മുതലേ ഡിഎംകെ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. നിയമസഭ പാസാക്കിയ പല ബില്ലുകള്‍ക്ക് അനുമതി കൊടുക്കാതെ മാസങ്ങളോളം പിടിച്ചുവെച്ച ഘട്ടത്തിലാണ് സ്റ്റാലിന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയുടെ വിധി ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രയോഗത്തിനെതിരെയുള്ള കനത്ത തിരിച്ചടിയാണ്. ഗവര്‍ണര്‍മാര്‍ക്ക് വീറ്റോ പ്രയോഗിക്കാന്‍ അധികാരമില്ലെന്നും കോടതി അസന്നിഗ്ധമായി പ്രഖ്യാപിക്കയും ചെയ്തു.’ ഈ വിധി തമിഴ്‌നാടിന്റെ വിജയം മാത്രമല്ല, മറിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും വിജയമാണ്’ സ്റ്റാലിന്‍ വിധിക്ക് ശേഷം പ്രതികരിച്ചു.
കേന്ദ്രത്തിന്റെ അനാവശ്യ തിട്ടൂരങ്ങള്‍ക്കെതിരെ പോരാടാനുള്ള വീര്യം പാരമ്പര്യമായി സ്റ്റാലിന് കിട്ടിയതാണെന്നാണ് ചരിത്രം പറയുന്നത്. 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ എം കരുണാനിധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന തമിഴ്‌നാട് സര്‍ക്കാരിനെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. എംകെ സ്റ്റാലിനെ ഉള്‍പ്പടെ നിരവധി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ക്രൂരമായ മര്‍ദ്ദനം പോലും ഏല്‍ക്കേണ്ടി വന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ സുപ്രീം കോടതിയില്‍ കേസു കൊടുത്ത മുഖ്യമന്ത്രിയായിരുന്നു കരുണാനിധി. M. Karunanidhi V/s. Union of India എന്ന പേരില്‍ ചരിത്രപ്രസിദ്ധമാണി കേസ്. മലയാളിയായ അഭിഭാഷകന്‍ കെ കെ വേണുഗോപാലായിരുന്നു കരുണാനിധിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
കേന്ദ്ര സര്‍ക്കാരിന്റെ അധികാര പ്രമത്തതക്കെതിരെ പോരാടാനുള്ള ഊര്‍ജ്ജം സ്റ്റാലിന് ലഭിച്ചത് പിതാവില്‍ നിന്നാണെന്ന കാര്യത്തില്‍ സംശയമില്ല.സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം ബില്ല് തിരിച്ചയക്കുകയോ, രാഷ്ട്രപതിക്കയക്കുകയോ ചെയ്യുന്നെങ്കില്‍ അത് ഒരു മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ
ബില്ല് തിരിച്ച് ഗവര്‍ണര്‍ അയക്കുകയാണെങ്കില്‍ അത് മൂന്ന് മാസത്തിനുള്ളില്‍ വേണം. തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി അയച്ചാല്‍ അതില്‍ ഗവര്‍ണര്‍ ഒരു മാസത്തിനുള്ളില്‍ അംഗീകാരം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സംസ്ഥാന സര്‍ക്കാരുടെ മേല്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കുതിര കേറുന്ന കേന്ദ്ര സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ക്ക് ഏറ്റ കനത്ത അടിയാണ് സുപ്രീം കോടതി വിധി.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ തമിഴിന്റെ ആത്മാഭിമാനം ഉയര്‍ത്തിയുളള പോരാട്ടം പിതാവിനെ പോലെ സ്റ്റാലിനും ഇപ്പോഴും തുടരുകയാണ്. ഇതോടെ പ്രധാനമന്ത്രി മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെ സ്റ്റാലിന് എതിരെ പ്രസ്താവനയുമായി രംഗത്തുണ്ട്. ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയം എന്ന തീരുമാനത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരെ അടക്കം ചെന്നൈയില്‍ ഒരുമിച്ച് ഇരുത്തി താന്‍ ദേശീയതലത്തിലും പോരാടാന്‍ തയാറാണെന്ന പ്രഖ്യാപനവും സ്റ്റാലിന്‍ നടത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here