പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുത്; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തിന് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ചെന്നൈ : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തെഴുതി. പുതിയ ഡാമിന് പാരിസ്ഥിതിക അനുമതി നല്‍കരുതെന്നാണ് ആവശ്യം. കേരളത്തിന്റെ നടപടി സുപ്രീംകോടതിയുടെ വിധിക്കെതിരാണെന്നും. പുതിയ ഡാം എന്ന തീരുമാനവുമായാല്‍ മുന്നോട്ടു പോയാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോകുന്നതിനിടയിലാണ് തമിഴ്‌നാടിന്റെ ഇടപെടല്‍. പുതിയ ഡാമിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) അവസാന ഘട്ടത്തിലാണ്. ഡാമിന്റെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. 1300 കോടി രൂപയാണ് പുതിയ ഡാമിന്റെ എസ്റ്റിമേറ്റ്. നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്. ഈ മാസം 28ന് ചേരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി യോഗത്തില്‍ പുതിയ ഡാം എന്ന ആവശ്യം കേരളം ഉന്നയിക്കാനാണ് തീരുമാനം. ഇത് മുന്‍കൂട്ടി കണ്ടാണ് തമിഴ്‌നാട് എതിര്‍പ്പുമായി നേരത്തെ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കേരളവും തമിഴ്‌നാടും സമവായത്തിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here