ഇഡിയെ പൂട്ടി തമിഴ്നാട് വിജിലന്‍സ്; അടിക്ക് തിരിച്ചടി

ചെന്നൈ: തമിഴ്നാട് വിജിലന്‍സും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇഡി) പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസമാണ് മധുരയിലെ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിക്കുന്നത്. ഡിണ്ടിഗലിലെ ഒരു സർക്കാർ ഡോക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തത്. അങ്കിത് തിവാരിയെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് ഡിഎംകെ മന്ത്രിമാരെയും നേതാക്കളെയും വ്യവസായികളെയും വേട്ടയാടുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇഡിക്കെതിരെ വിജിലന്‍സിനെ ഉപയോഗിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍ തിരിച്ചടിക്കുന്നത്.
കൈക്കൂലി നൽകിയാൽ തങ്ങൾക്കെതിരായ കേസുകൾ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് അങ്കിതും മറ്റ് ഉദ്യോഗസ്ഥരും ഒന്നിലധികം വ്യക്തികളിൽ നിന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.

ഡിണ്ടിഗലിലെ സർക്കാർ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ടായി ജോലി ചെയ്യുകയായിരുന്നു കൈക്കൂലി നല്‍കിയ ഡോക്ടര്‍. അനധികൃത സ്വത്ത് സമ്പാദിച്ചതിന് 2018-ൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. കേസ് വിജിലന്‍സ് അവസാനിപ്പിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അന്വേഷിക്കാൻ ഇഡിയോട് ആവശ്യപ്പെട്ടതായും അങ്കിത് ഡോക്ടറോട് പറഞ്ഞു.
കേസ് തീര്‍പ്പാക്കാന്‍ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. അത്ര വലിയ തുക നല്കാന്‍ നിര്‍വാഹമില്ലെന്ന് അറിയിച്ചതിനാല്‍ തുക 51 ലക്ഷമാക്കി കുറച്ചു. ആദ്യ ഗഡുവായി 20 ലക്ഷം രൂപ നവംബറില്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തമിഴ്നാട്ടിലെ നിരവധി ഡിഎംകെ നേതാക്കളെയാണ് ഇഡി സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പിടികൂടിയത്. മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ അടക്കം ഇഡി റെയ്ഡ് ചെയ്ത് 36.3 കോടി വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. വൈദ്യുതിമന്ത്രിയായ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ എഐഎഡിഎംകെ മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്ത് പണം വാങ്ങി ജോലി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ബാലാജിയെ അറസ്റ്റ് ചെയ്തത്. പിന്നീട് നിലവിലെ വിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയും പാര്‍ലിമെന്റ് അംഗമായ അദ്ദേഹത്തിന്റെ മകനെതിരെ കള്ളപ്പണ നിരോധനനിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ പിഡബ്ല്യുഡി മന്ത്രി കെ. വേലുവിന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഡിഎംകെയുടെ ആര്‍ക്കോണം ലോക്സഭ എം.പി ജഗത് രക്ഷകന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇങ്ങനെ ഭരണകക്ഷി നേതൃത്വത്തെ ഒന്നടങ്കം വരിഞ്ഞുകെട്ടി നിര്‍ത്തിയിരിക്കുന്നതിന്റെ ഇടയിലാണ് ഇഡി ഉദ്യോഗസ്ഥനെ തമിഴ്നാട് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top