എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു; താമിര്‍ ജഫ്രിയുടെ സഹോദരന്‍റെ മൊഴി രേഖപ്പെടുത്തി; താനൂർ കസ്റ്റഡിക്കൊലയില്‍ ചടുല നീക്കവുമായി സിബിഐ

തിരുവനന്തപുരം: താനൂർ കസ്റ്റഡിക്കൊലയില്‍ ചടുല നീക്കവുമായി സി ബിഐ. ചൊവാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്ന് രാവിലെ സി ബി ഐ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിർ ജഫ്രിയുടെ സഹോദരൻ ഹാരിസിൽ നിന്നും സംഘം മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി. കുമാർ റൗണക്കിന്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് താനൂരിലുള്ളത്. സിബിഐ യുടെ തിരുവനന്തപുരത്തെ സ്പെഷ്യൽ ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. എസ് പി ദിവ്യ സാറ തോമസാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

കേസില്‍ സിബിഐ പുതിയ എഫ് ഐ ആർ കഴിഞ്ഞ ദിവസം എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിൽ ഫയൽ ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് പ്രതികളാക്കിയ നാലു പോലീസുകാരെ മാത്രമാണ് സി ബി ഐ പ്രാഥമിക പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ഐപിസി 342,346,348,330,323,324,302,34 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

സീനിയർ സിപിഒ കൊണ്ടോട്ടി സ്വദേശി ജിനു എന്ന ജിനേഷ് (37),സിപിഒമാരായ കൊല്ലം നീണ്ടകര സ്വദേശി ആൽവിൻ അഗസ്റ്റിൻ (36), തിരൂർ സ്വദേശി അഭിമന്യു (35), തിരുരങ്ങാടി സ്വദേശി വിപിൻ (38)എന്നിവരാണ് ഈ പ്രതികൾ. ഇവരെല്ലാം തന്നെ മലപ്പുറം എസ്പി യുടെ നിയന്ത്രണത്തിലുള്ള ലഹരി വിരുദ്ധ സേന ഡാൻസാഫ് അംഗങ്ങളാണ്. ഈ പോലീസുകാർ മാത്രമാണ് ചേളാരിയിൽ നിന്നും ഇവരെ പിടികൂടുന്ന പോലീസ് സംഘത്തിലുണ്ടായിരുന്നത്. ക്രൂരമായ മർദ്ദനമാണ് താമിറിന്റെ മരണകാരണത്തിലേക്കു നയിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

മയക്കുമരുന്ന് കൈവശം വെച്ചു എന്നാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത തിരൂരങ്ങാടി സ്വദേശി താമീർ ജഫ്രി (30) കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെ കസ്റ്റഡിയില്‍ മരിച്ചത് വിവാദമായിരുന്നു. അസ്വഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത ഈ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. അന്വേഷണത്തിൽ ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തുകയും നാലു പോലീസുകാരെ പ്രതികളാക്കി പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട്‌ നൽകുകയും ചെയ്തു. ഈ കേസാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ ഏറ്റെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top