താനൂർ കസ്റ്റഡി മരണം; ഫോറൻസിക് വിദഗ്‌ധർ തമ്മിൽ ചേരിപ്പോര്

താനൂർ: താമിർ ജിഫ്രി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക് വിഭാഗത്തിൽ ചേരിപ്പോര്. റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിച്ചതായി പോസ്റ്റ് മോർട്ടം നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ ആരോപിച്ചു. ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഞായറാഴ്ച ഇട്ട പോസ്റ്റ് വിവാദമായതോടെ അദ്ദേഹം പിൻവലിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട് പോലീസും ഫോറൻസിക് വിഭാഗവും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടയിലാണ് പുതിയ ആരോപണം.

പോസ്റ്റുമോർട്ടം നടക്കുമ്പോൾ തന്നെ പോലീസിൽ നിന്നും ഫോറൻസിക് വിദഗ്‌ധരുടെ ഭാഗത്തു നിന്നും സമ്മർദ്ദം ഉണ്ടായെന്നാണ് ഡോക്ടർ പറയുന്നത്. താമിർ ജിഫ്രി എന്ന യുവാവിന്റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്നും കസ്റ്റഡി മർദ്ദനം ഇതിനു കരണമാകാമെന്നുമാണ് ഫോറൻസിക് റിപ്പോർട്ട്.

എന്നാൽ ജില്ലാ പോലീസ് മേധാവി ഇത് നിഷേധിച്ചിരുന്നു. ശരീരത്തിലെ മുറിവും ഹൃദയാഘാതവും രണ്ടായി കാണണമെന്നാണ് ജില്ലാ പോലീസ് മേധാവി പറഞ്ഞത്. തുടർന്ന് ഡോക്ടർമാരും പോലീസുകാരും തമ്മിൽ തുറന്ന വാക്പോരുകൾ നടന്നിരുന്നു. ബന്ധുവിന്റെ കേസുമായി ബന്ധപ്പെട്ട് ഡോക്ടർ ഹിതേഷിന് പോലീസിനോടുള്ള മുൻവൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് പോലീസിന്റെ പക്ഷം. ഇതിനിടയിലാണ് കൂട്ടത്തിലുള്ള ചിലർ തന്നെ പോലീസിൽ നിന്ന് സഹായം കൈപറ്റി അവർക്കൊപ്പം ചേർന്നതായി ഡോക്ടർ ആരോപിച്ചത് .

ഓഗസ്റ്റ് ഒന്നിനാണ് താമിർ ജിഫ്രി താനൂർ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. കേസുമായി ബന്ധപ്പെട്ട് എട്ട് പോലീസുകാർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top