താനൂർ കസ്റ്റഡി കൊലപാതകം: കേസന്വേഷണം സി.ബി.ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്

എറണാകുളം: താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ച്ചക്കുള്ളിൽ കേസന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സി.ബി.ഐക്ക് നിർദേശം നൽകി. നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസന്വേഷണം നടത്തുന്നത്. കേസ് ഡയറിയും മറ്റ് രേഖകളും ഉടൻ തന്നെ സി.ബി.ഐക്ക് കൈമാറാൻ ക്രൈം ബ്രാഞ്ചിനോട്‌ ഹൈക്കോടതി നിർദേശിച്ചു. സി.ബി.ഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഉത്തരവിൽ നിർദേശമുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്വാധീനത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് അട്ടിമറിക്കുകയാണെന്നും നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമായതിനാൽ കേസ് ഉടൻ ഏറ്റെടുക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ബോധിപ്പിച്ച കേസിലാണ് ഹൈക്കോടതി ഉത്തരവ്. ഹാരിസ് ജിഫ്രിക്ക് വേണ്ടി അഡ്വ. മുഹമ്മദ്‌ ഷാ, അഡ്വ അബീ ഷെജ്റിക് എന്നിവർ ഹൈക്കോടതിയിൽ ഹാജരായി. ജസ്റ്റിസ്‌ പി.വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കസ്റ്റഡി കൊലപാതകം ഗുരുതര സ്വഭാവമുള്ള കേസാണെന്നും അത്തരം കേസുകൾ സി.ബി.ഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡിലെ അംഗങ്ങൾ പ്രതികളായ കേസിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും താനൂർ ഡി.വൈ.എസ്.പിക്കും താനൂർ സി.ഐക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

കേസിലെ പ്രതികളെ ആരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നില്ല. അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നില്ല. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top