കാലിക്കുപ്പി വലിച്ചെറിയരുത്; 10 രൂപക്ക് തിരിച്ചെടുക്കും; മദ്യപർക്കുള്ള ഓഫർ
വെള്ളമടിച്ച ശേഷം മദ്യകുപ്പി വലിച്ചെറിയരുത്. 10 രൂപ നിരക്കില്‍ മദ്യക്കുപ്പി തിരിച്ചെടുക്കും. മാന്യമായ മദ്യ സംസ്‌കാരവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇതൊന്നും കേരളത്തില്‍ അടുത്ത കാലത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് നല്ല വെടിപ്പായി ഈ പദ്ധതി നടപ്പാക്കി വരികയാണ്.
ബിവറേജില്‍ നിന്ന് വാങ്ങുന്ന മദ്യക്കുപ്പികള്‍ ഉപയോഗിച്ച ശേഷം പൊതുസ്ഥലങ്ങളിലും റോഡിലും മറ്റും വലിച്ചെറിയുന്നത് കേരളത്തില്‍ പതിവാണ്. തമിഴ്‌നാട്ടിലും അടുത്തകാലം വരെ ഇങ്ങനെ ഒക്കെയായിരുന്നു നടന്നു വന്നത്. കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ പോലെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാകാണ് (തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍) മദ്യവില്‍പന നടത്തുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്ക് 10 രൂപ നല്‍കി ടാസ്മാക് തിരിച്ചെടുക്കുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ 12 ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സെപ്റ്റംബര്‍ മുതല്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രതിദിനം 70 ലക്ഷം മദ്യക്കുപ്പികളാണ് തമിഴ്‌നാട്ടില്‍ വിറ്റഴിയുന്നത്. മദ്യവിലക്കൊപ്പം 10 രുപ അധികമായി ഈടാക്കും. ഈ തുകയാണ് കുപ്പി തിരികെ കൊടുക്കുമ്പോള്‍ ഉപഭോക്താവിന് നല്‍കുന്നത്. പ്രതിവര്‍ഷം 250 കോടി രൂപ കാലിക്കുപ്പി വിറ്റ് നേടാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കുപ്പികള്‍ തിരിച്ചെടുക്കുന്നത് സൂക്ഷിക്കാന്‍ ടാസമാക് വില്‍പ്പനശാലകളോട് ചേര്‍ന്ന് പ്രത്യേക ഗോഡൗണുകളും തുടങ്ങിയിട്ടുണ്ട്.
ചില്ലറ വില്‍പന ശാലകളിലൂടെ വിറ്റ കുപ്പികളില്‍ 95 ശതമാനവും തിരികെ വന്നിട്ടുണ്ട്. നിലവില്‍ ടാസ്മാകിന് 4829 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here