17000 കോടിക്ക് ഫാബ് ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് രംഗത്ത്; അമേരിക്കക്കാരന്‍ തുടങ്ങിയ വസ്ത്രവ്യാപാര ശൃംഖല ഇന്ത്യക്കാരന് സ്വന്തമാകുമോ

മുംബൈ: ഇന്ത്യക്കാർ മറന്നുപോയ നമ്മുടെ നെയ്ത്ത് പാരമ്പര്യം വീണ്ടടുത്ത് വലിയൊരു ഫാഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത അമേരിക്കാരന്‍റെ തുണിക്കടകൾ ഏറ്റെടുക്കാൻ ടാറ്റ രംഗത്ത്. രാജ്യമാകെ പടർന്നു പന്തലിച്ചു കിടക്കുന്ന ഫാബ് ഇന്ത്യക്ക് ടാറ്റ ഗ്രൂപ്പ് വിലയിട്ടിരിക്കുന്നത് 17000 കോടി രൂപ. ഏറ്റെടുക്കൽ നടപടികൾ അണിയറയിൽ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

സെൻട്രൽ കോട്ടേജ് ഇൻഡസ്ട്രീസ് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന് മാർഗനിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകാൻ 1958ൽ ഫോർഡ് ഫൗണ്ടേഷന്‍റെ ധനസഹായത്തോടെയാണ് ജോൺ ബിസ്സൽ ഇന്ത്യയിലെത്തിയത്. രാജ്യത്തെ ഗ്രാമങ്ങളിൽ പണിയെടുക്കുന്ന അസംഘടിതരായ നെയ്ത്തുകാരുടെ അസാമാന്യമായ കഴിവും പ്രതിഭയും കണ്ട് അമ്പരന്ന ജോണിന് മുന്നിൽ പുതിയൊരു സാധ്യതയാണ് തുറന്നത്. 1960ൽ മുത്തശ്ശി കുടുംബവിഹിതമായി ജോണിന് കൊടുത്ത 95,000 രൂപക്ക് തുല്യമായ ഡോളർ ഉപയോഗിച്ച് ഡൽഹിയിലെ ഗോൾഫ് ലിങ്ക്സിലെ രണ്ടുമുറി വീട്ടിലാണ് ‘ഫാബ് ഇന്ത്യ’ എന്ന സ്ഥാപനം ആരംഭിക്കുന്നത്.

ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഫാബ് ഇന്ത്യ തുടങ്ങിയത്. വിവിധ തരത്തിലുള്ള കൈത്തറി തുണിത്തരങ്ങൾ കണ്ടെത്താനായി രാജ്യത്തുടനീളം സഞ്ചരിച്ച് മിടുക്കരായ നെയ്ത്തുകാരെ കണ്ടെത്തി അവരുടെ തുണിത്തരങ്ങൾ ഉപയോഗിച്ച്‌ പുതിയൊരു ഫാഷൻ സംസ്കാരത്തിന് തുടക്കം കുറിച്ചു. 1976ൽ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ ആദ്യ ഫാബ് ഇന്ത്യ റീട്ടെയിൽ ഷോറൂം തുറന്നു. പരമ്പരാഗത വേഷങ്ങൾക്കൊപ്പം കാലാനുസൃതമായ മോഡേൺ ഡ്രസ്സുകളും ഫാബ് ഇന്ത്യ പുറത്തിറക്കാൻ തുടങ്ങി. 30 വർഷം കൊണ്ട് രാജ്യമാകെ പടർന്ന് പന്തലിച്ച വലിയൊരു ഫാഷൻ സാമ്രാജ്യമായി മാറിയ ഫാബ് ഇന്ത്യ ലിംഗ- പ്രായഭേദമെന്യേ എല്ലാത്തരം ജനവിഭാഗങ്ങളുടേയും ഹരമായി മാറിക്കഴിഞ്ഞു. 400ലധികം റീട്ടെയിൽ ഷോറൂമുകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.

ഉപ്പുതൊട്ടു വിമാന വ്യവസായത്തിൽ വരെ പടർന്ന് പന്തലിച്ചു നിൽക്കുന്ന ടാറ്റ ഗ്രൂപ്പ് ഫാബ് ഇന്ത്യ ഏറ്റെടുക്കാനുള്ള ചർച്ചകൾ നടത്തുന്നുവെന്നാണ് ബിസിനസ് രംഗത്ത് നിന്ന് വരുന്ന റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പ് ഫാബ് ഇന്ത്യ ഏറ്റെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ വസ്ത്ര വ്യാപാര ശൃംഖലയായി മാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top