രത്തൻ ടാറ്റ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യന്‍ ബിസിനസ് രംഗത്തെ അതികായന്‍

ടാറ്റാ സൺസ് ചെയർമാന്‍ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ തുടരവേയാണ് അന്ത്യം. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ടാറ്റയെ ആശുപത്രിയില്‍ എത്തിച്ചത്.
ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 മാർച്ചിലാണ് അദ്ദേഹം ചുമതല ഏറ്റത്. 2012 ഡിസംബർ 28ന് വിരമിക്കുകയും ചെയ്തു. അദ്ദേഹം നേതൃത്വം നല്‍കിയ കാലത്ത് ടാറ്റ ഗ്രൂപ്പിൻ്റെ വരുമാനം 2011-12ൽ 100.09 ബില്യൺ ഡോളറായി വർധിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് ആഗോള ടീ ബ്രാന്‍ഡ് ആയ ടെറ്റ്‌ലിയെ ടാറ്റ ഏറ്റെടുത്തത്. 2000ല്‍ ആയിരുന്നു ഈ ഏറ്റെടുക്കല്‍ പ്രകിയ. 20007ല്‍ അദ്ദേഹം കോറസ് സ്റ്റീലിനെയും ഏറ്റെടുത്തു. 2008ൽ ടാറ്റ മോട്ടോര്‍സ് ജാഗ്വാർ ലാൻഡ്‌റോവറും ഏറ്റെടുത്തു.
വിരമിച്ച ശേഷം ടാറ്റ സൺസ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിച്ചുവെങ്കിലും മിസ്ത്രിയെ ടാറ്റ പുറത്താക്കി. ഈ കാര്യത്തില്‍ നിയമപോരാട്ടവും അദ്ദേഹത്തിന് നടത്തേണ്ടി വന്നു. ഗ്രൂപ്പിൻ്റെ ഇടക്കാല ചെയർമാനായി തിരിച്ചെത്തിയെങ്കിലും ഗ്രൂപ്പിനെ നയിക്കാന്‍ അദ്ദേഹം എൻ.ചന്ദ്രശേഖരനെ നിയമിച്ചു. പിന്നീട് ടാറ്റ സൺസിൻ്റെ ചെയർമാൻ എമിരറ്റസ് റോളിലേക്ക് മാറുകയും ചെയ്തു.
ജെ.ആർ.ഡി.ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നാണ് ജനിച്ചത്. കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്‌ചറൽ എൻജിനീയറിങ് ബിരുദം നേടിയിരുന്നു. ടാറ്റയെ ആഗോള ബ്രാന്‍ഡ് ആക്കിമാറ്റിയാണ് അദ്ദേഹം വിടപറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here