മാവേലിക്കരയിൽ കത്തിയത് TATA TIAGO; ചോദ്യങ്ങൾക്ക് ഉത്തരവുമായി മാധ്യമ സിൻഡിക്കറ്റ്
മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ചു ഒരാള് മരിക്കാനിടയായ സംഭവത്തിൽ വാഹനത്തിൻറെ വിശദാംശങ്ങൾ പുറത്തു വിടുകയാണ് മാധ്യമ സിൻഡിക്കറ്റ്. കഴിഞ്ഞ രാത്രി ഉണ്ടായ അപകടത്തിൻ്റെ വാർത്തകൾ രാവിലെ പുറത്തുവന്നത് മുതൽ കാർ ഏത് ബ്രാൻഡ് ആണെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നുണ്ട്. പ്രധാന മാധ്യമങ്ങൾ ഒന്നും അവരുടെ വാർത്തയിൽ ആ സുപ്രധാന വിവരം ഉൾപ്പെടുത്താതെ ഒഴിവാക്കുന്നത് പലർക്കും സംശയം ഉണ്ടാക്കുന്നുണ്ട്. ഇത് ബോധപൂർവ്വം മറച്ചു വയ്ക്കുന്നത് ആണോയെന്ന് ചോദ്യവും പലരും ഈ വാർത്തകൾക്ക് കീഴിൽ കമൻ്റായി ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആണ് മാധ്യമ സിൻഡിക്കേറ്റ് ഈ വിവരം പുറത്തുവിടുന്നത്.
പൊട്ടിത്തെറിച്ചത് ടാറ്റയുടെ ടിയാഗോ ബ്രാൻഡ് ആണെന്ന് പോലീസും ഫയർ ഫോഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം പരാമർശിക്കുന്ന പോലീസ് എഫ് ഐ ആറിൻ്റെ ഭാഗം ഈ വാർത്തക്കൊപ്പം പ്രേഷകർക്ക് കാണാം. ഇതിൻ്റെ വിശദാംശങ്ങൾ അടങ്ങിയ പൂർണരൂപം ആദ്യ കമൻ്റിൽ പിൻ ചെയ്തിട്ടുമുണ്ട്. എന്നാല് കാറിൻ്റെ തകരാറ് കൊണ്ടാണ് പൊട്ടിത്തെറിച്ചത് എന്നൊരു സൂചനയും ഈ വാർത്ത തയ്യാറാക്കുന്നത് പുറത്തു വന്നിട്ടില്ല. ഇലക്ട്രിക് കാർ ആണോ അപകടം ഉണ്ടാക്കിയ ത് എന്നും പലരും അന്വേഷിക്കുന്നുണ്ട്. എന്നാല് പൊട്ടിത്തെറിച്ചത് പെട്രോൾ variant ആണെന്നും സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. സ്ഫോടനത്തിന് കാരണമാകും വിധം എന്തെങ്കിലും വസ്തു കാറിൽ സൂക്ഷിച്ചിരുന്നോ, ഷോർട്ട് സർക്യൂട്ട് ആണോ തുടങ്ങി പല സംശയങ്ങളും സ്വാഭാവികമായും ഉയരുന്നുണ്ട്.
എന്നാല് ഇക്കാര്യത്തിൽ സ്ഥിരീകരണതിന് ഫോറൻസിക് പരിശോധന പൂർത്തിയാകേണ്ടി വരും. വിദഗ്ധര് രാവിലെ തന്നെ സ്ഥലത്തെത്തി കാറിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികരണത്തിന് മാധ്യമ സിൻഡിക്കറ്റ് ടാറ്റാ കമ്പനി പ്രതിനിധികളെ ബന്ധപ്പെട്ടെങ്കിലും അവർ വിവരം അറിഞ്ഞിട്ടില്ല എന്നും അന്വേഷിച്ച ശേഷം പ്രതികരിക്കാം എന്നുമാണ് അറിയിച്ചത്. മുൻപും പലപ്പോഴും കാറുകൾക്ക് തീപിടിച്ച് അപകടങ്ങൾ ഉണ്ടായപ്പോൾ ഒന്നും ബ്രാൻഡ് ഏതെന്ന് പ്രേക്ഷകരെ അറിയിക്കാൻ മാധ്യമങ്ങൾ തയാറായിട്ടില്ല എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം അപകടങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ ഇത് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വിവരമാണ് എന്ന ഉറച്ച ബോധ്യതിലാണ് മാധ്യമ സിൻഡിക്കറ്റ് ഇക്കാര്യം പ്രേക്ഷകരെ അറിയിക്കാൻ തയാറാകുന്നത്.