ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുമ്പോഴും നികുതി വെട്ടിപ്പിനു സര്‍ക്കാര്‍ ഒത്താശ; സിനിമാ താരങ്ങള്‍ കോടികള്‍ വെട്ടിച്ചിട്ടും അനക്കമില്ലാതെ നികുതി വകുപ്പ്; ചോദ്യങ്ങള്‍ക്ക് നിയമസഭയിലും മറുപടിയില്ല

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പിനു സര്‍ക്കാര്‍ ഒത്താശ. നാട്ടുകാരോട് മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുന്നതിന് ഇടയിലാണ് ഈ ഒത്തുകളി. സണ്ണി വെയ്ന്‍, സിദ്ദിഖ്, ആസിഫലി, ഷെയ്ന്‍നിഗം, നിമിഷ സജയന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ കോടിക്കണക്കിന് രൂപയാണ് നികുതി അടയ്ക്കാനുള്ളത് എന്ന് ജിഎസ്ടി വകുപ്പുകളിൽ നിന്നും ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്. നിയമസഭയില്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു ധനമന്ത്രി.
സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പിനെപ്പറ്റി ഡോ.എം കെ മുനീർ എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം തന്നെ വിവരങ്ങൾ ശേഖരിച്ച് വരികയാണ് എന്ന് പറഞ്ഞൊഴിയുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിആർ മഹേഷും ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പുമായി എറണാകുളം ഡെപ്യൂട്ടി കമ്മീഷ്ണർ ഇൻവെസ്റ്റിഗേഷൻ/ഇൻ്റലിജൻസ് ഓഫീസിൻ്റെ മേൽനോട്ടത്തിൽ നികുതി വെട്ടിപ്പ് നടത്തിയതിൻ്റെ പേരിൽ അന്വേഷണം നടത്തിയ സിനിമാ താരങ്ങൾ ആരൊക്കെയാണ്, ആരുടെയൊക്കെ കേസുകൾ തീർപ്പാക്കിയിട്ടുണ്ട്, അവർ അടച്ച നികുതി എത്ര ,അടച്ച പിഴ എത്ര എന്നുമുള്ള ചോദ്യങ്ങൾക്കടക്കം മറുപടി നൽകാൻ പോലും ധനമന്ത്രി തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് സണ്ണി വെയ്ന്‍, സിദ്ദിഖ്, ആസിഫലി, ഷെയ്ന്‍നിഗം, നിമിഷ സജയന്‍, അപര്‍ണ ബാലമുരളി എന്നിവർ നടത്തിയ കോടികളുടെ നികുതി വെട്ടിപ്പിൻ്റെ തെളിവുകൾ പുറത്തു വരുന്നത്.ഈ നാല് താരങ്ങൾ മാത്രം നികുതിയടക്കാതെ സംസ്ഥാന സർക്കാറിനെ കബളിപ്പിച്ചത് 2 കോടി 24 ലക്ഷം രൂപയാണ്.

2 കോടി10 ലക്ഷം രൂപ നികുതി അടക്കേണ്ട സ്ഥാനത്ത് ആസഫലി അടച്ചത് 1 കോടി മാത്രമാണ് എന്ന് തെളിവുകൾ ചൂണ്ടിക്കാട്ടുന്നു. അതായത് താരം വെട്ടിച്ചത് 1 കോടി 10 ലക്ഷം രൂപ. 50 ലക്ഷം നികുതി അടയ്‌ക്കേണ്ട സിദ്ദിഖ് അടച്ചതാവട്ടെ 15 ലക്ഷം മാത്രം. 30 ലക്ഷം നികുതി അടയ്‌ക്കേണ്ട സണ്ണി വെയ്ന്‍ അടച്ചത് 4 ലക്ഷം രൂപയും 25 ലക്ഷം നികുതി അടയ്‌ക്കേണ്ട നിമിഷ സജയന്‍ അടച്ചത് 6 ലക്ഷം രൂപയും 30 ലക്ഷം നികുതി അടയ്‌ക്കേണ്ട നടി അപര്‍ണ ബാലമുരളി അടച്ചത് 10 ലക്ഷം രൂപയും മാത്രമാണ്.50 ലക്ഷം നികുതി അടയ്‌ക്കേണ്ട ഷെയ്ന്‍ നിഗം ഒരു രൂപ പോലും അടച്ചില്ല.

ഈ നാല് താരങ്ങൾ മാത്രമാണോ നികുതി അടയ്ക്കാനുള്ള മറ്റ് താരങ്ങൾ ആരൊക്കെയാണ് നിലവിൽ താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ അവസഥയെന്താണ് എന്ന നിയമസഭാംഗങ്ങളുടെ ചോദ്യത്തിന് ഒളിച്ചുകളി നടത്തുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാലും വകുപ്പും. ചട്ടപ്രകാരം പ്രൊഫണല്‍ സര്‍വ്വീസ് മേഖലയില്‍ സിനിമാ താരങ്ങള്‍, സംഗീതജ്ഞര്‍, പാട്ടുകാര്‍, ഡാന്‍സേഴ്‌സ്, മോഡലുകള്‍, ടെലിവിഷന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍വ്വീസ് അക്കൗണ്ട് കോഡ് 999631 പ്രകാരം തങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിൻ്റെ 18% നികുതി അടയ്ക്കണം. അതേ സമയം കേരളത്തിലെ ചലച്ചിത്ര താരങ്ങള്‍ നികുതി വകുപ്പിനെ കബളിപ്പിക്കുകയാണ് എന്ന് സംസ്ഥാന സർക്കാരിന് പകൽ പോലെ വ്യക്തമായിട്ടും അവർക്കൊരാൾക്കെതിരെ പോലും ചെറുവിരൽ അനക്കാൻ തയ്യാറാവുന്നില്ല.

പല ചലച്ചിത്ര താരങ്ങളും വൻതോതിൽ നികുതി വെട്ടിപ്പ് തുടരുമ്പോൾ, മുന്‍പ് വകുപ്പ് അന്വേഷണം ആരംഭിച്ച 6 താരങ്ങൾക്കെതിരെയുള്ള അന്വേഷണത്തിലും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഇവർക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി അടയ്ക്കാനുള്ള നികുതിയും പിഴയും ഈടാക്കാൻ സംസ്ഥാന സർക്കാരിന് താല്പര്യമില്ല എന്നതാണ് മന്ത്രിയുടെ മറുപടിയും ലഭ്യമായ രേഖകളും വ്യക്തമാക്കുന്നത്. കൈക്കൂലി ഇനത്തിൽ ലക്ഷങ്ങൾ മറിയുന്നതാണ് ഇത്തരം കേസുകൾ എന്നത് കൊണ്ടാണ് ഇവർക്കെതിരെയുള്ള അന്വേഷണം എങ്ങുമെത്താതെ പോകുന്നത് എന്നും ആക്ഷേപങ്ങളുണ്ട്. ജി എസ് ടി ഉദ്യോഗസ്ഥരും സിനിമാതാരങ്ങളും തമ്മിൽ നടക്കുന്ന ഒത്തുകളിയാണ് ഇതിന് പിന്നിൽ എന്നാണ് പുറത്ത് വരുന്ന രേഖകളും മന്ത്രിയുടെ മറുപടിയും വ്യക്തമാക്കുന്നത്.
മലയാള സിനിമാ താരങ്ങൾ മിക്കവരും കൊച്ചിയിൽ ചേക്കേറിയവരായതിനാൽ ഇവരുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള 90% കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം ജിഎസ് ടി ഇന്റലിജന്‍സാണ്. സിനിമാ താരങ്ങളുടെ കോടികളുടെ നികുതി വെട്ടിപ്പിന് എല്ലാ ഒത്താശയും ചെയ്തത് 2023 മെയ് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച, ഭരണാനുകൂല ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സംഘടനാ നേതാവായിരുന്നു എന്നും വകുപ്പിനുളളിൽ പരസ്യമായ രഹസ്യമാണ്. ഈ നാല് പേരുകളിൽ മാത്രം ഒതുങ്ങുന്നതല്ല സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ എന്നും മേൽ പറഞ്ഞ ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്തിരുന്ന കേസുകള്‍ പലതും ഒത്ത് തീര്‍പ്പിലാക്കിയെന്നും വകുപ്പിനുള്ളില്‍ മുറുമുറുപ്പ് ഉയരുന്നുണ്ട്. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാനുള്ള തീരുമാനം എടുക്കുന്നത് ജിഎസ്ടി ഇന്റലിജന്‍സിന്റെ തലപ്പത്ത് ഇരിക്കുന്ന ഉന്നത ഉദ്യോഗസ്ഥനും സംഘടനാ നേതാക്കളുമാണ് എന്നാണ് അണിയറ സംസാരം. ഇത്തരത്തിൽ കേസുകൾ ഒത്തുതീർപ്പാക്കാൻ ഇടപെട്ട ഉദ്യോഗസ്ഥർ ഇടപ്പള്ളിയിലെ ലുലുവിന്റെ മാരിയറ്റ് ഹോട്ടലില്‍ ആഴ്ചകളോളം താമസിച്ചെന്നും ആക്ഷേപമുയരുന്നുണ്ട്.
അധിക വരുമാനത്തിൻ്റെ പേരിലും സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലും നികുതി വർദ്ധനവ് നടപ്പാക്കി സാധാരണക്കാരെ പിഴിയുന്ന സർക്കാരാണ് സിനിമാ താരങ്ങളുടെ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നത്. ചലച്ചിത്ര താരങ്ങളുടെ നികുതിപ്പണം പിരിച്ചെടുക്കാനും നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനും ഭരണകൂടവും ജി എസ് ടി ഉദ്യോഗസ്ഥവൃന്ദങ്ങളും വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. നികുതി വെട്ടിപ്പ് തുടര്‍ക്കഥയാകുമ്പോള്‍ ഇത്തരം വസ്തുതകള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here