ചങ്ങല ആനയുടെ മുറിവില്‍ താഴ്ന്നിറങ്ങി; മലയിന്‍കീഴ് വല്ലഭന് ദുരിതകാലം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ആന മലയിന്‍കീഴ് വല്ലഭന്‍ മദപ്പാടിലായതോടെയാണ് ദുരിതത്തിലായത്. മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കുളത്തിന് സമീപം ആനയെ തളച്ച ശേഷം പാപ്പാന്‍മാര്‍ ശ്രദ്ധിക്കാതെയായി. വല്ലപ്പോഴും എത്തി ഭക്ഷണം മാത്രം നല്‍കി. കാലിലെ ചങ്ങല ശ്രദ്ധിച്ചതേയില്ല. ഇതോടെ ചങ്ങല ബന്ധിച്ച ഭാഗത്ത് കാല് മുറിഞ്ഞു. ചങ്ങല ആഴത്തില്‍ മുറിവില്‍ പതിഞ്ഞ നിലയിലാണ് ആന ഇപ്പോഴുള്ളത്.
ദിവസങ്ങളായി ഈ അവസ്ഥയിലാണ് അനയുള്ളത്. ഓരോ ദിവസവും മുറിവ് ആഴത്തിലാകുന്നതിനാല്‍ ഇപ്പോള്‍ പിന്‍കാല്‍ നിലത്ത് കുത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ആനയിപ്പോള്‍. ഇതോടെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് ആനയ്ക്ക് ചികിത്സ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായത്. ഇന്ന് രാവിലെ ആനയെ മയക്കുവെടിവച്ച് ശേഷം ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി. ആനയെ പരിചരിക്കുന്നതില്‍ വീഴ്ച വരുത്തിയ പാപ്പാന്‍മാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ നടയ്ക്കിരുത്തിയ ആനയാണ് വല്ലഭന്‍. നവരാത്രി എഴുന്നള്ളിപ്പിനടക്കം എഴുന്നള്ളിക്കുന്ന ആനയായിട്ടും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും പരിചരണം ഉറപ്പാക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here