ചേരിയിൽനിന്നും സിഎക്കാരിയിലേക്ക്; മകളുടെ നേട്ടത്തിൽ വാക്കുകൾ ഇടറി ഒരച്ഛൻ

ഡൽഹിയിലെ ചേരി പ്രദേശത്തെ കരിപുരണ്ട ജീവിതസാഹചര്യങ്ങളിലും തളരാതെ ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന സ്വപ്നം നേടിയെടുത്തിരിക്കുകയാണ് അമിത പ്രജാപതി എന്ന പെൺകുട്ടി. തന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും മാതാപിതാക്കൾക്കാണ് അവൾ സമർപ്പിക്കുന്നത്. 10 വർഷത്തെ തന്റെ കഠിനാധ്വാനവും ചായ വിൽപനക്കാരനായ അച്ഛന്റെ പൂർണ പിന്തുണയുമാണ് തന്നെ സിഎക്കാരിയാക്കിയതെന്ന് ലിങ്ക്ഡിനിൽ പങ്കുവച്ച കുറിപ്പിൽ പെൺകുട്ടി പറയുന്നു.
”എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ 10 വർഷമെടുത്തു. ഓരോ ദിവസവും ഈ സ്വപ്നം യാഥാർത്ഥ്യമാകുമോയെന്ന് ഞാൻ സ്വയം ചോദിക്കുമായിരുന്നു. അതെ, ഇപ്പോൾ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു,” അവൾ എഴുതി. ചായ വിറ്റ് മകളെ പഠിപ്പിക്കാൻ കഴിയില്ലെന്ന് ആളുകൾ മാതാപിതാക്കളോട് പറയുമായിരുന്നുവെന്ന് അമിത പറയുന്നു. അതിനുപകരമായി ആ പണം സ്വരൂപിച്ച് വീടു പണിയാൻ അവർ ആവശ്യപ്പട്ടു. പ്രായപൂർത്തിയായ പെൺമക്കളുമായി നിങ്ങൾ എത്രകാലം തെരുവിൽ ജീവിക്കും? എന്തായാലും ഒരു ദിവസം അവർ മറ്റൊരാൾക്ക് സ്വന്തമായി മാറും. നിങ്ങൾക്ക് ഒന്നും ശേഷിക്കില്ലെന്നും അവർ പറഞ്ഞു.
പക്ഷേ, അതൊന്നും ചെവികൊള്ളാതെ മാതാപിതാക്കൾ എന്നെ വിശ്വസിച്ചു. ഇന്ന് ഞാൻ സിഎക്കാരിയായതിന് കാരണം എന്റെ മാതാപിതാക്കൾ എന്നിൽ സമർപ്പിച്ച വിശ്വാസമാണ്. ഒരു ദിവസം ഞാൻ അവരെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, പകരം ഞാൻ എന്റെ പെൺമക്കളെ പഠിപ്പിക്കുമെന്ന ഉറച്ച തീരുമാനം അവർ എടുത്തതായും അമിത പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. അച്ഛാ ഞാൻ സിഎക്കാരിയായി എന്നു പറഞ്ഞ് പിതാവിനെ കെട്ടിപ്പിടിച്ച് കരയുന്ന അമിതയുടെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here