ക്ലാസിൽ കുട്ടിക്ക് ക്രൂരമർദനം, ചോരയൊലിച്ച നിലയിൽ കണ്ടിട്ടും ഹെഡ്മാസ്റ്റര്‍ അവഗണിച്ചു, പോലീസ് അന്വേഷണം

സോന ജോസഫ്‌

തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചുവെന്ന പേരിൽ വിദ്യാർത്ഥിക്ക് അധ്യാപകൻ്റെ ക്രൂരമർദനം. കണ്ടല ഗവൺമെൻ്റ് എച്ച്.എസ്‌.എസ്‌ സ്കൂളിലെ വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ക്ലാസ് മുറിയിൽ വച്ച് തലയ്ക്കും മുതുകിനും മര്‍ദ്ദിച്ചത്. കുട്ടിയുടെ ചുണ്ടിന് മുറിവും കണ്ണിന് താഴെ നീർവീക്കവുമുണ്ട്. നെയ്യാറ്റിൻകര ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി. കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങിയതായി മാറനല്ലൂർ പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു.

ഇന്നലെ വൈകിട്ടാണ് അധ്യാപകന്‍ സുധീഷ് കുട്ടിയെ മര്‍ദ്ദിക്കുന്നത്. സ്കൂള്‍ വിടുന്നതിന് മുന്‍പുള്ള ദേശീയഗാനത്തിൻ്റെ സമയത്ത് കുട്ടികള്‍ തമ്മിൽ സംസാരിച്ചു എന്നാരോപിച്ച് ആയിരുന്നു മർദനം. ആദ്യം കൈകൊണ്ട് തലയിലടിച്ചു. അടിയുടെ ആഘാതത്തിൽ വേച്ചുപോയ കുട്ടിയുടെ മുഖം ചുവരിലിടിച്ച് ചുണ്ട് മുറിഞ്ഞു. വീണ്ടും അധ്യാപകൻ കൈചുരുട്ടി മുതുകിൽ രണ്ട് തവണ ഇടിച്ചു – കുട്ടിയുടെ അച്ഛൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ക്ലാസ് വിട്ടയുടൻ കുട്ടി തന്നെ പ്രധാന അധ്യാപകനോട് പരാതിപ്പെട്ടു. മുഖത്ത് ചോരയൊലിച്ച നിലയിൽ കുട്ടിയെ കണ്ടിട്ടും അദ്ദേഹം അവഗണിച്ചു. മാത്രമല്ല, വീട്ടില്‍ പറയരുതെന്ന് കുട്ടിയെ വിലക്കുകയാണ് ചെയ്തത് – കുട്ടിയുടെ പിതാവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എന്നാൽ പോലീസില്‍ പരാതിപ്പെട്ടത് അറിഞ്ഞയുടൻ പ്രധാനാധ്യാപകന്‍ കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ട് പരാതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. മർദിച്ച അധ്യാപകനും വീട്ടിലെത്തി കുട്ടിയെ കാണാൻ അനുവാദം ചോദിച്ചെങ്കിലും രക്ഷിതാക്കൾ വിലക്കി. കുട്ടിയുടെ ചികിത്സയ്ക്ക് പണം നല്‍കാമെന്നും ഇവർ പറഞ്ഞെങ്കിലും അതും വീട്ടുകാർ നിരസിച്ചു. സമാനമായ പരാതികൾ ഇതേ അധ്യാപകനെതിരെ മുൻപും ഉണ്ടായിട്ടുണ്ടെന്ന് അരിമാളൂര്‍ വാർഡ് കൗൺസിലർ രേഖ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top