ശമ്പളമില്ലാതെ നരകിച്ച് സ്കൂൾ അധ്യാപിക ജീവനൊടുക്കി; ഇല്ലാത്ത വേക്കൻസിക്ക് പണം വാങ്ങി രൂപത കബളിപ്പിച്ചെന്ന് കുടുംബം

താമരശേരി രൂപതക്ക് കീഴിൽ ആറുവർഷമായി ശമ്പളമില്ലാതെ ജോലിചെയ്ത എയ്ഡഡ് സ്കൂൾ അധ്യാപിക ഒടുക്കം ചതിയും വഞ്ചനയുമില്ലാത്ത ലോകത്തേക്ക് യാത്രയായി. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എൽപി സ്കൂളിൽ അഞ്ചുവർഷവും, കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിൽ ഒരുവർഷവും ജോലിചെയ്തിട്ടും ചില്ലിക്കാശ് വേതനമായി വാങ്ങാൻ യോഗമില്ലാതെ പോയ അലീന ബെന്നിയാണ് ഇന്ന് വൈകിട്ടോടെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 29 വയസ് മാത്രമാണ് പ്രായം.

ആറുവർഷം മുൻപ് ജോലിക്കായി 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് നൽകിയതായി കുടുംബം പറയുന്നു. തുടർന്ന് കട്ടിപ്പാറ സ്കൂളിൽ ലീവ് വേക്കൻസിയിൽ ജോലി നൽകി. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നു. എന്നാൽ സ്ഥിരനിയമനം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തുക വാങ്ങിയത്. അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ 25 കിലോമീറ്റർ അകലെയുള്ള കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.

ഇതിനിടയിൽ തനിക്ക് ശമ്പളം വേണ്ടെന്ന് അലീനയോട് മാനേജ്മെൻ്റ് എഴുതിവാങ്ങിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സ്കൂളിലെ അധ്യാപകർ സ്വന്തം വേതനത്തിൽ നിന്ന് പിരിവെടുത്ത് അലീനയ്ക്ക് പണം നൽകിയിരുന്നതായി വിവരമുണ്ട്. അത്രക്ക് ദുരിതമാണ് അലീന അനുഭവിച്ചിരുന്നത്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അധ്യാപക നിയമനത്തിൻ്റെ പേരിൽ നടക്കുന്ന കടുത്ത ചൂഷണത്തിൻ്റെ നേർചിത്രമാകും അലീനയുടെ ദുരന്തം എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവന്നേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top