എല്ലാം നേടിയിട്ടും ജീവിതമെന്ന പളുങ്ക് പാത്രം ഉടഞ്ഞുപോയതിന്റെ വേദന; ടെക് എക്‌സിക്യൂട്ടീവിന്റെ കുമ്പസാരം വൈറലായി

‘ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം’ എന്ന് ക്രിസ്തു ചോദിച്ച ചോദ്യമാണ് ഒരു ടെക് എക്‌സിക്യൂട്ടീവ് തന്നോട് തന്നെ ചോദിക്കുന്നത്. സ്വപ്ന സമാനമായ പദവിയും കണ്ണഞ്ചിപ്പിക്കുന്ന ശമ്പളവും കിട്ടിയപ്പോള്‍ സകലതും നഷ്ടമായ എക്‌സിക്യൂട്ടീവിന്റെ കുമ്പസാരം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പേര് വെളിപ്പെടുത്താത്ത ഒരു ടെക് എക്‌സിക്യൂട്ടിവ് എക്‌സില്‍ ( ട്വിറ്റര്‍) താന്‍ കൈ എത്തിപ്പിടിച്ചതും, കൈ വിട്ടുപോയതുമായ തന്റെ ജീവിതത്തെ കുറിച്ചുള്ള ഏറ്റു പറച്ചില്‍ നടത്തിയിരുന്നു. ഡാനിയേല്‍ വാസല്ലോ എന്നയാള്‍ അജ്ഞാതനായ വ്യക്തിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ ലോകം മുഴുവന്‍ ഈ ദുരന്ത കഥ അറിഞ്ഞു.

കഠിനാദ്ധ്വാനിയും മിടുക്കനുമായ എക്‌സിക്യൂട്ടീവ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉന്നത പദവി കരസ്ഥമാക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ആഗ്രഹിച്ച പദവിയും ശമ്പളവും നേടിയെടുക്കാന്‍ സകലതും മറന്നും ഉപേക്ഷിച്ചും പണിയെടുത്തു. ശമ്പളം പ്രതിവര്‍ഷം 900,000 ഡോളര്‍ (7.5 കോടി രൂപ) എന്ന സ്വപ്ന സംഖ്യയിലേക്ക് എത്തി. ഒപ്പം ആഗ്രഹിച്ച പ്രൊമോഷനും കിട്ടി. ഇങ്ങനെ വര്‍ക്ക്‌ഹോളിക് ആയി പണിയെടുക്കുന്നതിനിടയില്‍ തന്റെ കുടുംബവും, കുഞ്ഞുങ്ങളും, ഭാര്യയും വഴുതിപ്പോയത് ഏറെ താമസിച്ചാണ് അയാള്‍ തിരിച്ചറിഞ്ഞത്.

എല്ലാം നേടി വീട്ടിലെത്തിയപ്പോഴാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കമ്പനിയുടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേയും ഏഷ്യയുടേയും ചുമതലക്കാരനായിരുന്ന ഇദ്ദേഹം രാവിലെ ഏഴിന് വീട്ടില്‍ നിന്നിറങ്ങി രാത്രി ഒമ്പതിന് എത്തുന്ന ടൈം ടേബിള്‍ ആയിരുന്നു. ഇതിനിടയില്‍ വീടിനുള്ളിലെ സുന്ദര നിമിഷങ്ങളൊന്നും അയാള്‍ അറിഞ്ഞില്ല. കൊച്ചു കുഞ്ഞിന്റെ കൊഞ്ചലും ചിരിയും ഒന്നും അയാള്‍ക്ക് ആസ്വദിക്കാനായില്ല. മകള്‍ പിച്ചവെച്ച് നടക്കുന്നതു പോലും അറിഞ്ഞില്ല. പ്രസവാനന്തര പ്രശ്‌നങ്ങള്‍ നിമിത്തം ഭാര്യയ്ക്കുണ്ടായ മാനസികവും ശാരീരികവുമായ പ്രതിസന്ധികളെക്കുറിച്ച് അയാള്‍ അറിഞ്ഞിട്ടും ഭാര്യക്കൊപ്പം നിന്നില്ല. കമ്പിനിക്കുവേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന തിരക്കിലായിരുന്നു അയാള്‍. ഒരു വണ്ടിക്കാളയെപ്പോലെ ഭാരങ്ങള്‍ ചുമന്ന് നടന്നു.

ഒടുക്കം പ്രീയമായതെല്ലാം താഴെ വീണുടഞ്ഞപ്പോഴാണ് ആ ചെറുപ്പക്കാരന് തിരിച്ചറിവുണ്ടായത്. ‘എന്റെ കുഞ്ഞ് പിറന്ന ദിവസം പോലും ഞാന്‍ കമ്പിനിയിലെ മീറ്റിംഗിലായിരുന്നു. പ്രസവാനന്തര അസ്വസ്ഥതകളുണ്ടായിരുന്ന ഭാര്യയെ ചെക്കപ്പിന് കൊണ്ടു പോകേണ്ട ദിവസം പോലും എനിക്ക് മീറ്റിംഗുണ്ടായിരുന്നു. ഒടുക്കം ഞാന്‍ എല്ലാം നേടി വന്നപ്പോഴേക്കും എല്ലാം എനിക്ക് നഷ്ടമായി ‘ അയാള്‍ നെഞ്ച് പൊട്ടി എഴുതിയ തിങ്ങനെയാണ്. വന്‍കിട കമ്പനികള്‍ എങ്ങനെയാണ് ജീവനക്കാരെ കൊണ്ട് പട്ടിപ്പണി എടുപ്പിക്കുന്നതിന്റെ ഉദാഹരണം കുടിയാണിത്.

തൊഴില്‍ രംഗത്ത് നിലനില്‍ക്കുന്ന കഴുത്തറപ്പന്‍ പ്രവണതകള്‍ മൂലം ജീവിതപാതയില്‍ കാലിടറി വീണുപോയ മനുഷ്യന്റെ വിലാപകാവ്യമാണ് സോഷ്യല്‍ മീഡിയായിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top