ടൊവിനോ കമന്റ് ചെയ്തു, ഇനി പഠിക്കാന്‍ തുടങ്ങാം; താരങ്ങളുടെ ശ്രദ്ധകിട്ടാൻ കുറുക്കുവഴി തേടി വിദ്യാര്‍ത്ഥികള്‍, പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡ്
“എന്‍റെ വീഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് കമന്‍റ് ചെയ്താല്‍ ഞാന്‍ പരീക്ഷയ്ക്ക് പഠിക്കാനായി തുടങ്ങാം.” ഇങ്ങനെ തലക്കെട്ട് നല്‍കി വീഡിയോ പോസ്റ്റ് ചെയ്യുന്നു. വീഡിയോ ടൊവിനോയിലേക്ക് എത്താന്‍ കമന്റിലും പോസ്റ്റിലും താരത്തെ ടാഗ് ചെയുന്നു. നിമിഷനേരം കൊണ്ട് ടൊവിനോ ‘പോയി ഇരുന്ന് പഠിക്ക് മോനെ’ എന്ന് ആരാധകന്‍റെ പോസ്റ്റിന് മറുപടി നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ തുടങ്ങിയ പുതിയ ട്രെന്‍ഡിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
ഇഷ്ടതാരം പോസ്റ്റിനു താഴെ കമന്‍റ് ചെയ്യുക എന്നതാണ് ലക്ഷ്യം. കമന്റ് ഇട്ടാല്‍ മാത്രമേ പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തൂ എന്ന കാരണവും. പോസ്റ്റ് ചെയ്യുന്ന ആളുകളുടെ മുഖം കാണിച്ചുകൊണ്ടുള്ള വീഡിയോകളാണ് ഏറെയും. ഒരേസമയം കൗതുകവും വിചിത്രവുമായ ട്രെന്‍ഡ് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ടൊവിനോ മാത്രമല്ല പ്രേമലു സിനിമയിലൂടെ ശ്രദ്ധേയനായ നസ്ലെന്‍, തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട തുടങ്ങി ബോളിവുഡ് നടി ആലിയ ഭട്ടും ഈ ട്രെന്‍ഡിന് കീഴടങ്ങി കമന്‍റ് ചെയ്തതാണ് അതിനെക്കാള്‍ രസം.
കേരളത്തിൽനിന്നുള്ള ആലിയ ഭട്ട് ഫാന്‍ പേജിലെ വീഡിയോയ്ക്കാണ് താരത്തിന്‍റെ മറുപടി. ആലിയ കമന്റ് ചെയ്‌താല്‍ മാത്രമെ പരീക്ഷയ്ക്ക് പഠിക്കൂ എന്നതായിരുന്നു വീഡിയോ. ഏതാനും ചിരിക്കുന്ന ഇമോജികള്‍ നല്‍കി ആലിയ വീഡിയോയ്ക്ക് മറുപടി നല്‍കി.
അതേസമയം വിജയ് ദേവരക്കൊണ്ടയെ ടാഗ് ചെയ്തുകൊണ്ടുള്ള രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റില്‍ താരം കമന്‍റ് ചെയ്തില്ലെങ്കില്‍ പരീക്ഷയ്ക്ക് തോറ്റാല്‍ അതൊരു കാരണമായി പറയാം എന്നും കാപ്ഷന്‍ നല്‍കിയിട്ടുണ്ട്. തൊണ്ണൂറ് ശതമാനം മാര്‍ക്കോടെ പാസ്സായാല്‍ ഞാന്‍ നിന്നെ നേരിട്ട് കാണാന്‍ വരുമെന്ന താരത്തിന്‍റെ അപ്രതീക്ഷിത മറുപടി വൈറല്‍ ആയിരുന്നു.
ട്രെന്‍ഡ് ഒക്കെ കൊള്ളാം. പക്ഷെ താരങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കില്ല എന്ന മട്ടിലുള്ള ഭീഷണികള്‍ കുറച്ച് കടന്ന കയ്യല്ലേ എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാനാകില്ല. ഇത്തരം തലക്കെട്ട് നല്‍കി വീഡിയോ ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ ആകണമെന്നും ഇല്ല. നന്നായി പഠിക്കുന്ന വിദ്യാര്‍ഥികളെക്കൂടി വഴിതെറ്റിക്കാന്‍ ഇത്തരം ട്രെന്‍ഡുകള്‍ വഴിവെച്ചേക്കും എന്ന ആശങ്കയും ഒപ്പം ഉയരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here