‘ക്രമസമാധാനപാലനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല’; സിനിമാ പ്രവര്‍ത്തകരോട് നിലപാട് വ്യക്തമാക്കി രേവന്ത് റെഡ്ഡി
നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി സിനിമാ സംഘടനകള്‍. സര്‍ക്കാരും സിനിമാ വ്യവസായവും തമ്മില്‍ നല്ല ബന്ധം എന്ന ലക്ഷ്യവുമായാണ് ചര്‍ച്ചകള്‍. സിനിമാ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച. ക്രമസമാധാന പാലനത്തെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
പുഷ്പ 2 പ്രിമിയര്‍ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവം ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപ്രതീക്ഷിതമായി നടന്‍ അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയതാണ് തിക്കിനും തിരക്കിനും കാരണമായത്. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദടക്കം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിലായിരുന്നു ചര്‍ച്ചകള്‍. അല്ലു അര്‍ജുന്റെ അറസ്റ്റില്‍ സിനിമാ സംഘടനകള്‍ക്ക് എതിര്‍ അഭിപ്രായമുണ്ടായിരുന്നു.
സര്‍ക്കാര്‍ ശക്തമായ നിലപാടുമായി മുന്നോട്ടു പോവുകയും ചരിത്രം, സ്വാതന്ത്ര്യസമരം, മയക്കുമരുന്നിനെതിരായ പോരാട്ടം തുടങ്ങിയ സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക് മാത്രമേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഭാവിയില്‍ പരിഗണിക്കൂ എന്ന മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെ പ്രസ്താവനയും വന്നതോടെയാണ് എതിര്‍പ്പ് ഉപേക്ഷിച്ച് ചര്‍ച്ചകള്‍ക്ക് ശ്രമം തുടങ്ങിയത്. തെലങ്കാന സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനും പ്രമുഖ നിര്‍മാതാവുമായ ദില്‍ രാജുവാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here