രോഹിത് വെമുല കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍; മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കുടുംബത്തെ കാണും

ഹൈദരാബാദ് : കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍. കേസ് അവസാനിപ്പിക്കാന്‍ പൊലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്.

ദളിതനാണെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രോഹിത് പ്രവേശനം നേടിയതെന്നും ഇത് പിടിക്കപ്പെടുമെന്ന ഭയത്തിലാണ് ആത്മഹത്യയെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി. എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റും റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളി തെലങ്കാന ഡിജിപി രവി ഗുപ്ത് പുനരന്വേഷണത്തിന് ഉത്തരവിട്ടു. സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളുന്നതിന് കോടതിയില്‍ ഡിജിപി അപേക്ഷ നല്‍കും.

റിപ്പോര്‍ട്ടിനെതിരെ രോഹിതിന്റെ കുടുംബം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ടിനെ അസംബന്ധം എന്നാണ് രോഹിതിന്റെ സഹോദരന്‍ രാജാ വെമുല വിശേഷിപ്പിച്ചത്. രോഹിതിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടക്കം 15 സാക്ഷികളുടെ മൊഴികള്‍ എടുത്തുവെങ്കിലും അതൊന്നും റിപ്പോര്‍ട്ടിലില്ല. തികച്ചും ഏകപക്ഷീയമായ റിപ്പോര്‍ട്ടാണെന്നും രാജാ വെമുല ആരോപിച്ചിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കുടുംബത്തെ നേരില്‍ കാണും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അമ്മ രാധിക വെമുല, സഹോദരന്‍ രാജ വെമുല എന്നിവരെയാണ് മുഖ്യമന്ത്രിയെ കാണുക.

സര്‍വകലാശാലയില്‍ നേരിട്ടിരുന്ന ദളിത് വിവേചനത്തില്‍ പ്രതിഷേധിച്ച് 2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനെതിരായ രാപ്പകല്‍ സമരത്തിനൊടുവിലായിരുന്നു ആത്മഹത്യ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top