രാജിവെച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തെലങ്കാന ഗവര്‍ണര്‍; തമിഴിസൈ സൗന്ദര്‍രാജനായി പുതുച്ചേരിയും ചെന്നൈയും പരിഗണനയില്‍
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിവെച്ച് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍. രാജിക്കുമുന്‍പ് കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് സംസാരിച്ചു. പുതുച്ചേരി, തിരുനെല്‍വേലി, ചെന്നൈ എന്നീ മണ്ഡലങ്ങളില്‍ പരിഗണിക്കാനാണെന്ന് സൂചനയുണ്ട്. തമിഴ്നാട്ടില്‍ ബിജെപിക്ക് ശക്തമായ സ്ഥാനാര്‍ത്ഥി ഇല്ലെന്ന പരാതി നിലനില്‍ക്കെ തമിഴിസൈ പോലുള്ളവരെ മത്സരിപ്പിക്കുന്നത് ഗുണകരമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പേ തമിഴ്നാട്ടില്‍ പ്രചരിച്ചിരുന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ തമിഴിസൈ വിവാദവാര്‍ത്തകളിലൂടെ ശ്രദ്ധനേടിയ ഗവര്‍ണര്‍ കൂടിയാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കായി ഗര്‍ഭിണികള്‍ സുന്ദരകാണ്ഡം ഉരുവിടണം, രാമായണം പോലുള്ള ഇതിഹാസങ്ങള്‍ വായിക്കണം എന്നടക്കമുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തെലങ്കാനയില്‍ കെസിആര്‍ നേതൃത്വം നല്‍കിയ മുന്‍ ബിആര്‍എസ് സര്‍ക്കാരിനെ ‘സ്വേച്ഛാധിപത്യ ഭരണം’ എന്ന് വിളിച്ചതും ചര്‍ച്ചാവിഷയമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here