അല്ലു അർജുന് ഇടക്കാല ജാമ്യം; നടന്റെ അവകാശം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

പുഷ്പ 2 പ്രദര്‍ശിപ്പിച്ച തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ കേസില്‍ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് ആശ്വാസം. ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. അറസ്റ്റിനെതിരെ അല്ലു നൽകിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കേസില്‍ നടനെ തെലങ്കാന പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു. നമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് നടനെ റിമാൻഡ് ചെയ്തിരുന്നു. ജയിലിലേക്ക് മാറ്റാന്‍ പോലീസ് ഒരുക്കം തുടരുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. കേസില്‍ മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നടന്റെ അവകാശം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Also Read: ഭാര്യക്ക് സ്‌നേഹ ചുംബനം നല്‍കി പോലീസ് വാഹനത്തിലേക്ക്; നാടകീയമായി അറസ്റ്റിന് വഴങ്ങി നടന്‍

ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നുമാണ് അല്ലു അർജുന്റെ അഭിഭാഷകർ വാദിച്ചത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി നടപടി.

Also Read: അല്ലു അർജുൻ അറസ്റ്റിൽ; യുവതി മരിച്ച കേസിൽ ശക്തമായ നടപടിയുമായി പോലീസ്

ഡിസംബർ നാലിന് നടന്ന പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ആണ് അപകടം. അല്ലു അർജുനും പുഷ്പയുടെ സംവിധായകൻ സുകുമാറും എത്തിയതോടെയാണ് തിയേറ്ററിലെ തിരക്ക് നിയന്ത്രണാതീതമായത്. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ താരം ആൾക്കൂട്ടത്തിനിടയിലേക്ക് വന്നതാണ് അപകടകാരണമെന്നാണ് പോലീസ് റിപ്പോർ‌ട്ട്. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top