ഒരാൾക്ക് 9 സിം വരെ; അധികമായാൽ രണ്ടുലക്ഷം പിഴ; സര്‍ക്കാരിന് ഏത് ഫോണും നിരീക്ഷിക്കാം; ടെലികോം മാറ്റങ്ങള്‍ അറിയാം

രാജ്യത്തെ ടെലികോം നിയമത്തില്‍ ഏറെ നിര്‍ണ്ണായകമായ മാറ്റങ്ങളാണ് നിലവില്‍ വരുന്നത്. കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ തുടങ്ങി നിരവധിയുണ്ട് മാറ്റങ്ങള്‍. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷയിലും പിഴയിലുമെല്ലാം വലിയ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതിലൂടെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയിരിക്കുകയാണ് ടെലികോം സേവനങ്ങള്‍.
സിം കാര്‍ഡ് ഒന്‍പത് മാത്രം
ഒരാള്‍ക്ക് നിയമപരമായി കൈവശം വയ്ക്കാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണം ഒന്‍പതായാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരാളുടെ തിരിച്ചറിയല്‍ രേഖ നല്‍കി എടുക്കാന്‍ കഴിയുന്ന കണക്ഷനുകളുടെ എണ്ണമാണിത്. ജമ്മു കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനും നിയന്ത്രണമുണ്ട്. ഇവിടെ ആറ് കണക്ഷനുകള്‍ മാത്രമേ എടുക്കാന്‍ കഴിയൂ. ഇത് ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് പിഴ. നിയമലംഘനം ആദ്യം പിടികൂടുമ്പോള്‍ അമ്പതിനായിരം രൂപ പിഴയീടാക്കും. ഇത് വീണ്ടും അവര്‍ത്തിച്ചാല്‍ അത് രണ്ട് ലക്ഷം രൂപവരെയായി ഉയരും. വ്യാജ രേഖകള്‍ നല്‍കിയോ മറ്റൊരാളുടെ രേഖ അയാളുടെ അനുമതിയില്ലാതെ ബലമായി ഉപയോഗിച്ച് സിം കാര്‍ഡ് എടുത്താല്‍ ശിക്ഷ കടുക്കും. 3 വര്‍ഷം തടവും അമ്പത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
അനുമതിയില്ലാത്ത ബിസിനസ് മെസേജുകൾക്ക് പിഴ
ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബിസിനസ് മെസേജുകൾ അയച്ചാല്‍ മൊബൈല്‍ സേവന കമ്പനികള്‍ക്കും ശിക്ഷയുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള പിഴയാണ് ശിക്ഷ ലഭിക്കുക. നിയമലംഘനം ആവര്‍ത്തിച്ചാൽ സേവനം വിലക്കുന്നത് വരെ ശിക്ഷ വരാം.
ടവറുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ കഴിയില്ല
മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നതാണ് നിയമത്തിലെ മറ്റൊരു പ്രധാന മാറ്റം. സ്വകാര്യഭൂമിയിലാണെങ്കിലും ടവര്‍ സ്ഥാപിക്കുന്നതിനോ ടെലികോം ലൈന്‍ വലിക്കുന്നതിനോ ഉടമയുടെ അനുമതി ആവശ്യമില്ല. സര്‍ക്കാര്‍ തലത്തിലുളള അനുമതി മാത്രം മതി. യുദ്ധം പോലെയുള്ള അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാരിന് ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ നിയന്ത്രിക്കാം. വേണ്ടി വന്നാല്‍ ഏറ്റെടുക്കുകയും ചെയ്യാം.
സര്‍ക്കാരിന് എന്തും പരിശേധിക്കാം
രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യത്തില്‍ വ്യക്തികളുടെ കോള്‍, സന്ദേശങ്ങള്‍ എന്നിവ സര്‍ക്കാരിന് നിരീക്ഷിക്കാന്‍ കഴിയും. സേവനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കാനുള്ള അനുമതിയും നിയമം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്താപരമായ സന്ദേശങ്ങളില്‍ ഈ ഇടപെടല്‍ സാധ്യമല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കാക്കും ഈ പരിരക്ഷ ലഭിക്കുക. എന്നാൽ രാജ്യസുരക്ഷാ വിഷയങ്ങളിൽ ഇതും ബാധകമല്ല.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ശിക്ഷ
ടെലികോം മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മെസേജുകളും കോളുകളും ചോര്‍ത്തുകയോ സമാന്തര സേവനം നല്‍കുകയോ ചെയ്താല്‍ രണ്ട് കോടി രൂപവരെ പിഴയും 3 വര്‍ഷം തടവും ശിക്ഷ ലഭിക്കും. സേവനങ്ങള്‍ അനധികൃതമായി ബ്ലോക്ക് ചെയ്താല്‍ 3 വര്‍ഷം തടവും 50 ലക്ഷം പിഴിയും ലഭിക്കും. അനധികൃതമായി വയര്‍ലെസ് ഉപകരണങ്ങള്‍ കൈവശം വച്ചാല്‍ അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് പിഴ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here