മലബാറില്‍ 138 താല്‍ക്കാലിക പ്ലസ് വണ്‍ ബാച്ച്; പരിഹാരമാകില്ലെന്ന് പ്രതിപക്ഷം
പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ മലബാറില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. 138 ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസര്‍കോട് 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകളും താല്‍ക്കാലികമായി അനുവദിച്ചിരിക്കുന്നത്.
59 ഹുമാനിറ്റീസ് കോമ്പിനേഷനും 61 കൊമേഴ്സ് കോമ്പിനേഷനുമാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചത്. കാസര്‍കോട് ഒരു സയന്‍സ് ബാച്ചും 4 ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്സ് ബാച്ചുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു വര്‍ഷം പതിനഞ്ച് കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതോടെ പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
എന്നാല്‍ താല്‍ക്കാലിക ബാച്ചിലൂടെ പ്രശ്്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മലപ്പുറം ,കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമുള്ള താല്‍ക്കാലിക ബാച്ചുകള്‍ പ്രശ്‌നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാലക്കാട്, കോഴിക്കോട് ജില്ലകളിലും സീറ്റ് ക്ഷാമമുണ്ട്. അതിന് പരിഹാരം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here