മലവെള്ളപ്പാച്ചിലില്‍ താല്ക്കാലിക പാലം മുങ്ങി; മുണ്ടക്കൈ രക്ഷാദൗത്യം മുടങ്ങി
ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് സൈന്യം തയ്യാറാക്കിയ താല്ക്കാലിക പാലം മുങ്ങി. ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു പാലം. മലവെള്ളപാച്ചിലിനെ തുടർന്ന് ജാഗ്രത പാലിക്കാൻ രക്ഷാപ്രവർത്തകർക്ക് അധികൃതർ നിർദേശം നൽകി.
സ്ഥലത്ത് സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലത്തിൻ്റെ നിര്‍മാണവും മുടങ്ങി. സൈന്യത്തിൻ്റെ എഞ്ചിനീയറിംഗ് വിഭാഗം ചുമതലയേറ്റെടുത്ത ബെയ്ലി പാലത്തിൻ്റെ നിർമാണം നാളെ പൂര്‍ത്തിയാകുമെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്. മഴ കുറഞ്ഞ ശേഷം പാലത്തിൻ്റെ നിർമാണം രാത്രിയിലും തുടരാണ് തീരുമാനം. ഇതിൻ്റെ പണിപൂർത്തിയായാൽ രക്ഷാപ്രവർത്തനം വേഗത്തിലാകും. പാലം വഴി തെരച്ചിൽ നടത്തുന്നതിന് ആവശ്യമായ യന്ത്രസാമഗ്രികൾ പുഴ കടത്താൻ സാധിക്കും.
ചൂരൽമലയിലെ കണ്ണാടിപ്പുഴയിൽ പെയ്ത മഴയെ തുടർന്നുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്. പ്രദേശത്ത് മഴ തുടരുകയാണ്. ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം പുഴയിലൂടെ കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നിൽക്കണ്ട് രക്ഷാപ്രവർത്തനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെയുള്ളവ സ്ഥലത്തെത്താന്‍ വൈകിയതും രക്ഷാദൗത്യത്തെ ബാധിച്ചിരുന്നു. ഒടുവിൽ മേപ്പാടിയിൽ നിന്ന് പുഴ കടന്ന് സാഹസികമായി ജെസിബി മുണ്ടക്കൈയിൽ എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടർന്നത്. തകര്‍ന്ന വീടുകളുടെ കോൺക്രീറ്റ് മേൽക്കൂരകള്‍ നീക്കംചെയ്യാനും മണ്ണ് നീക്കാനും കൂടുതല്‍ ഉപകരണങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 243 ആയി. ഇതിൽ 94 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കിയ 66 മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടുനൽകി. 126 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ഇരുനൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here