10 മക്കളും ഉപേക്ഷിച്ച് പുഴുവരിച്ച് കിടന്ന വൃദ്ധന്‍ ചികിത്സയില്‍; ഭാര്യ മരിച്ചു കിടക്കുന്നത് കണ്ടത് നാട്ടുകാര്‍ എത്തിയപ്പോള്‍; കമലാസനനെ തുണയ്ക്കുമെന്ന് പുന്നമട വാര്‍ഡ് കൗണ്‍സിലര്‍
ആലപ്പുഴ: പത്ത് മക്കളുണ്ടായിട്ടും അമ്മ മരിച്ചത് ചികിത്സയും പരിചരണവും ലഭിക്കാതെ. ആരോരുമില്ലാതെ പുഴുവരിച്ച നിലയില്‍ കിടന്ന അച്ഛനെ മുന്‍സിപ്പല്‍ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്നു ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ പുന്നമടയിലാണ് നടുക്കുന്ന സംഭവം. കാലില്‍ മുറിവും കടുത്ത പ്രമേഹവും ഉള്ളതിനാല്‍ എഴുപത്തിയഞ്ചുകാരനായ കമലാസനന് ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടെ ആളില്ലാത്തതിനാല്‍ വീടിന് സമീപമുള്ള ഹാരിസ് രാജ എന്ന വിദേശ മലയാളിയാണ് ഹോം നഴ്സിനെ ഏര്‍പ്പെടുത്തിയതും ചിലവുകള്‍ വഹിക്കാന്‍ തയ്യാറായതും. വാര്‍ഡ് കൌണ്‍സിലര്‍ ജി.ശ്രീലേഖയും നാട്ടുകാരുമാണ് ഇയാളുടെ കാര്യങ്ങള്‍ നോക്കുന്നത്.
“ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ വാടക വീട്ടില്‍ കമലാസനന്‍ അവശനിലയിലായിരുന്നു. പത്ത് മക്കളില്‍ കിട്ടാവുന്നവരെയൊക്കെ വിളിച്ചു. ആരും എത്തിയില്ല. ആശുപത്രിയിലേക്ക് മാറ്റാന്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചെങ്കിലും അവരും എത്തിയില്ല. തുടര്‍ന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ജയമ്മയെ ഉള്‍പ്പെടെ വിളിച്ച് വരുത്തിയാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.”- വാര്‍ഡ് കൗണ്‍സിലര്‍ ജി.ശ്രീലേഖ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“ഞങ്ങളെ ഉപേക്ഷിച്ചാണ് അച്ഛന്‍ പോയത്. അതിനാല്‍ വരാന്‍ കഴിയില്ലെന്നാണ് കമലാസനന്‍റെ മക്കള്‍ പറഞ്ഞത്. അച്ഛനെ ഒപ്പം കൂട്ടാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ഷേര്‍ളിയുടെ മക്കളും പറഞ്ഞത്. കമലാസനും ഭാര്യയും അവശ നിലയില്‍ തുടരുമ്പോഴാണ് ഞങ്ങള്‍ കാണാന്‍ പോയത്. പക്ഷെ അപ്പോഴും അവരുടെ കുടുംബകാര്യങ്ങള്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഇവര്‍ ഇവിടെ വന്നിട്ട് നാലുവര്‍ഷമായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇനി ബാക്കിയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് ചെയ്യണം.”- ശ്രീലേഖ പറഞ്ഞു.
ആലപ്പുഴ പുന്നമടയിലെ വാടക വീട്ടിലാണ് കമലാസനനും ഭാര്യ ഷേര്‍ളിയും താമസിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യഭാര്യയില്‍ കമലാസനന് ആറും ആദ്യ ഭര്‍ത്താവില്‍ ഷേര്‍ളിക്ക് നാലും മക്കളുണ്ട്. പക്ഷെ ഇവരാരും തന്നെ വൃദ്ധ ദമ്പതികളെ തിരിഞ്ഞുനോക്കിയില്ല. ആകെ ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനും മുടങ്ങിയതിനെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു താമസിച്ചത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഷേര്‍ളി മരിക്കുന്നത്.
ഇവര്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സമീപത്തുള്ളവര്‍ വന്നു നോക്കുമ്പോഴാണ് ഇരുവരും കട്ടിലില്‍ നിന്നും താഴെ വീണ നിലയില്‍ കണ്ടത്. ഷേര്‍ളി അപ്പോഴേക്കും മരിച്ചിരുന്നു. ഷേര്‍ളിയുടെ മക്കള്‍ വന്ന് മൃതദേഹം കൊണ്ടുപോയി. അപ്പോഴും കമലാസനനെ അവഗണിച്ചു. ഷേര്‍ളിയുടെ മരണത്തോടെ വൃദ്ധന് ഭക്ഷണവും മരുന്നും ലഭിക്കാതായി. വാര്‍ഡ് കൗണ്‍സിലറും മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ജയമ്മയും ഉള്‍പ്പെടെ എത്തിയാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സാ ചിലവും മറ്റും പ്രശ്നമായപ്പോഴാണ് ഹാരിസ് രാജയുടെ സഹായം ആശ്വാസമായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here