കേന്ദ്രത്തിൻ്റെ താക്കീതിന് പുല്ലുവില; ഒറ്റ ദിവസംകൊണ്ട് ഇരട്ടിയോളമായി ബോംബ് ഭീഷണികൾ

വിമാന സർവീസുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾക്ക് അറുതിയില്ല. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, അലയൻസ് എയർ, ആകാശ എയർ എന്നീ കമ്പനികളുടെ വിമാനക്കൾക്ക് എല്ലാംകൂടി 95 ഭീഷണി സന്ദേശങ്ങളാണ് 24 മണിക്കൂറിനുള്ളിൽ ലഭിച്ചിരിക്കുന്നത്. വ്യാജസന്ദേശങ്ങൾ അയക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന കേന്ദ്ര സർക്കാർ താക്കീത് നൽകിയതിന് പിന്നാലെ ഭീഷണികളുടെ എണ്ണം വർധിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുമുമ്പുള്ള ദിവസം 50 ഓളം ഭീഷണികളാണ് ലഭിച്ചിരുന്നത്. ഇതാണ് ഇരട്ടിയോളം വർധിച്ചത്.
ALSO READ: വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണികളിൽ നഷ്ടം 600 കോടി; പിന്നിലെന്ത്…
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് ഭീഷണികളിലധികവും ലഭിച്ചിരുന്നത്. അതിനാൽ കഴിഞ്ഞ ദിവസം എക്സിനും ശക്തമായ മുന്നറിയിപ്പ് കേന്ദ്രം നൽകിയിരുന്നു. ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഭീഷണികകളുടെ എണ്ണം കൂടിയത് സൂചിപ്പിക്കുന്നത്. ആകാശ എയർ വിമാനങ്ങൾക്ക് 25 ഉം എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവയുടെ വിമാനങ്ങൾക്ക് 20 വീതം ബോംബ് ഭീഷണികളാണ് ഇന്ന് ലഭിച്ചത്. സ്‌പൈസ് ജെറ്റ്, അലയൻസ് എയർ എന്നിവയ്ക്ക് അഞ്ച് വീതം ഭീഷണികളും ലഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 10 ദിവസമായി 285ലധികം വിമാന സർവീസുകൾക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. തുടർച്ചയായ ഭീഷണികൾ കാരണം എണ്ണൂറ് കോടി രൂപയുടെ മുകളിൽ നഷ്ടമാണ് വിമാന കമ്പനികൾക്ക് ഉണ്ടായിരിക്കുന്നത്. അടിയന്തിര ലാൻഡിംഗും വിമാന സർവീസുകൾ റദ്ദാക്കുന്നതുമാണ് സാമ്പത്തിക നഷ്ടത്തിന്‍റെ പ്രധാന കാരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here