നായാട്ടും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും ഫ്രാന്‍സിലെ ചലച്ചിത്രമേളയിലേക്ക്, 10 മലയാള സിനിമകള്‍ തിരഞ്ഞെടുത്തു

തിരുവനന്തപുരം: ഏഷ്യന്‍ സിനിമകള്‍ക്കായുള്ള വെസൂള്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഈ വര്‍ഷം 10 മലയാള സിനിമകള്‍ തിരഞ്ഞെടുത്തു. ഐഎഫ്എഫ്കെയിൽ പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കിയ പട്ടികയില്‍നിന്നും വെസൂള്‍ ഫെസ്റ്റിവല്‍ അധികൃതരാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഫെബ്രുവരി ആറു മുതല്‍ 13 വരെ ഫ്രാന്‍സില്‍ വെച്ചാണ് ചലച്ചിത്രമേള നടത്തുന്നത്. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കുന്നതിന് ചലച്ചിത്ര അക്കാദമി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്.
മല്‍സര വിഭാഗത്തില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് പ്രദര്‍ശിപ്പിക്കും. ആയിരത്തൊന്നു നുണകള്‍(തമര്‍ കെ.വി), പട(കമല്‍ കെ.എം), വേട്ടപ്പട്ടികളും ഓട്ടക്കാരും (രാരിഷ് ജി), ആണ്( സിദ്ധാര്‍ത്ഥ ശിവ), 19(1)(എ) (ഇന്ദു.വി.എസ്), നിഷിദ്ധോ(താര രാമാനുജന്‍), നായാട്ട് (മാര്‍ട്ടിന്‍ പ്രക്കാട്ട്), ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍(ജിയോ ബേബി), നിറയെ തത്തകളുള്ള മരം (ജയരാജ്) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.
കിഴക്കന്‍ ഫ്രാന്‍സിലെ വെസൂളില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള മാര്‍ട്ടിന്‍, ഷോണ്‍ മാര്‍ക്ക് തെറുവാന്ന എന്നിവര്‍ ചേര്‍ന്ന് 1995ലാണ് ആരംഭിച്ചത്. അന്നു മുതല്‍ ഇരുവരും ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചുവരുന്നു. ഗോള്‍ഡന്‍ സൈക്ലോ അവാര്‍ഡാണ് മേളയിലെ പരമോന്നത പുരസ്‌കാരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here