തൂക്കം വഴിപാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് തെറിച്ചുവീണു; നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍

പത്തനംതിട്ട: തൂക്കം വഴിപാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് വില്ലിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴംകുളം ദേവീ ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെയാണ് കുഞ്ഞ് തെറിച്ചുവീണത്. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പോലീസ്‌ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ജില്ലാ ശിശു സംരക്ഷണസമിതിക്ക് നിര്‍ദേശം നല്‍കി.

624 തൂക്കങ്ങളാണ് ഇത്തവണ ക്ഷേത്രത്തില്‍ നടന്നത്. ഇതിൽ 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിൻെറ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനും നടത്തുന്ന പ്രധാന വഴിപാടാണിത്. വഴിപാടിലൂടെ ലഭിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് ഇത് നേരുന്നത്.

തെക്കന്‍ കേരളത്തിലെ ചരിത്ര പ്രസിദ്ധമായ തൂക്കം വഴിപാടിന് പേരുകേട്ട ഭദ്രകാളി ക്ഷേത്രമാണ് പത്തനംതിട്ടയിലെ ഏഴംകുളം ദേവീ ക്ഷേത്രം. തടിയിൽ തീർത്ത ഒരു രഥമാണ് തൂക്കവില്ല്. തൂക്കുകാരുടെ വേഷമണിഞ്ഞവര്‍ തൂക്കുവില്ലില്‍ ചേര്‍ന്ന് ബന്ധിക്കും. ഈ സമയം തപ്പുതാള മേളങ്ങൾ, വായ്ക്കുരവകൾ മുഴങ്ങുന്നതോടെ തൂക്കുവില്ലുയരും. ഈ സമയം തൂക്കക്കാർ വില്ലിൽ കിടന്ന് തപ്പുതാള മേളങ്ങൾക്കനുസരിച്ച് പയറ്റുമുറകൾ കാട്ടി അന്തരീക്ഷത്തിൽ നൃത്തം ചെയ്യും. കുട്ടികളെ എടുത്തു കൊണ്ടുള്ള തൂക്കമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ആൺകുട്ടികളെ മാത്രമെ എടുത്ത് തൂങ്ങാറുള്ളൂ. പുരാതന കാലത്തെ നര ബലിയെയും കാളി–ദാരിക സംഘട്ടനത്തെയും ഓർമിക്കുന്ന ആചാരങ്ങളാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top