വഖഫ് ഭേദഗതി ബില്ലിൽ പ്രതിപക്ഷത്തെ കേൾക്കുന്നില്ലെന്ന് ആരോപണം; ജെപിസിയിൽ സംഘർഷം; ഒവൈസി ഉൾപ്പെടെ 10 എംപിമാർക്ക് സസ്പെൻഷൻ
വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) യോഗത്തിനിടയിൽ ബഹളവച്ച പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. തൃണമൂൽ കോൺഗ്രസിൻ്റെ കല്യാൺ ബാനർജി, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, ഡിഎംകെ അംഗം എ രാജ എന്നിവരുൾപ്പെടെ പത്ത് പ്രതിപക്ഷ എംപിമാരെ ഒരു ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ തുടര്‍ച്ചയായി ബഹളം വെക്കുന്നു എന്നാരോപിച്ചാണ് നടപടി. വഖഫ് ബോർഡുകളുടെ ഭരണ സമിതിയിൽ അമുസ്ലിങ്ങളെയുംസ്ത്രീകളെയും നാമനിർദ്ദേശം ചെയ്യുന്നതുൾപ്പെടെ നിരവധി മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് വഖഫ് ഭേദഗതി ബിൽ.
വഖഫ് നിയമങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള മാറ്റങ്ങൾ പഠിക്കാൻ വേണ്ടത്ര സമയം നൽകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ രംഗത്തെത്തിയതോടെ സഭ സംഘർഷഭരിതമാവുകയായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി കാര്യങ്ങൾ വേഗത്തിൽ ആക്കുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് ഈ നീക്കം. ചെയർമാൻ ആരെയും കേൾക്കാൻ തയാറാവുന്നില്ല. ഇത് സമീന്ദാരി സമ്പ്രദായമാണെന്നും തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി ആരോപിച്ചു.
പ്രതിപക്ഷം മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന ആരോപണമാണ് ബിജെപി ഉയർത്തിയത്. തുടർന്ന് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മറ്റി അംഗീകരിക്കുകയായിരുന്നു.യോഗത്തില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്ത പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ബിജെപി അംഗം അപരാജിത സാരംഗി കുറ്റപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here