വിദേശജയിലുകളില്‍ ഇന്ത്യക്കാരുടെ എണ്ണം 10,000ത്തോളം; 14,966 പേര്‍ കഴിഞ്ഞവര്‍ഷം തൊഴില്‍തട്ടിപ്പിന് ഇരയായി; കണക്കുകള്‍ പുറത്ത്

ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ജയലില്‍ കഴിയുന്ന ഇന്ത്യാക്കാരുടെ എണ്ണം പതിനായിരത്തിനടുത്ത്. 9309 പേര്‍ വിവിധ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടും ശിക്ഷ കാത്തും കഴിയുന്നതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യത്തിനാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കണക്കുകള്‍ വ്യക്തമാക്കിയത്. ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്നവര്‍ വരെയുണ്ട്. ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നവര്‍ക്കാവശ്യമായ നിയമസഹായം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യ മന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പരിഗണന കൊടുക്കുന്നതിനൊപ്പം തന്നെ ജയിലില്‍ കിടക്കുന്നവര്‍ക്ക് നിയമ സഹായം ഉറപ്പു നല്‍കും. സൗജന്യമായാണ് ഈ സേവനം ഇന്ത്യന്‍ എംബസികള്‍ നല്‍കുന്നത്. ഇതിനായി പ്രവാസി ക്ഷേമ ഫണ്ട് (ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്) ഉപയോഗിക്കാനും കേന്ദ്രം അനുമതി നല്‍കിയതായും വി.മുരളീധരന്‍ അറിയിച്ചു. ജയിലില്‍ കഴിയുന്നവരെ നാടുകടത്തുകയാണെങ്കില്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള ചിലവും കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കും.

വിദേശത്ത് തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2023ല്‍ 14,966 പരാതികളാണ് തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് ഇന്ത്യാക്കാര്‍ വിവിധ രാജ്യങ്ങളില്‍ നല്‍കിയത്. ഓരോ വര്‍ഷവും തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2021ല്‍ 10,447 പരാതികളും 2022ല്‍ 13,349 പരാതികളും തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ പ്രവാസികള്‍ നല്‍കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാണ് പരാതികള്‍ കൂടുതലും. 2023ലെ കണക്കുകള്‍ നോക്കിയാല്‍ കുവൈറ്റിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍. 7303 പരാതികളാണ് കുവൈറ്റില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ബഹറിന്‍ 628, ഒമാന്‍ 1824, ഖത്തര്‍ 1373, സൗദി അറേബ്യ 2585, യുഎഇ 1253 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. ഏജറ്റുമാരുടെ ചതിയില്‍പെട്ടതും തൊഴില്‍ ദാതാവിന്റെ ശാരീരികവും മാനസികവുമായ ഉപദ്രവവും പരാതിയായി എത്തിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത് ശമ്പളം ലഭിക്കാതെ കബളിപ്പിക്കപ്പെട്ടതായും പരാതിയുണ്ട്.

ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് നിയമസഹായം ഉറപ്പാക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2014 മുതല്‍ 2023 വരെ പ്രവാസി ക്ഷേമ ഫണ്ടില്‍ നിന്നും 626 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. 3,42,543 പേര്‍ക്കാണ് ഈ കാലയളവില്‍ തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച പരാതികള്‍ക്ക് നിയമസഹായം നല്‍കിയത്. കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനാണ് മന്ത്രാലയം ഈ കണക്കുകള്‍ നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top