പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പിടിയിലായത് ആന്ധ്രയില്‍ നിന്നും; കുടുക്കിയത് വീട്ടിലേക്കുള്ള ഫോണ്‍ വിളി
കാഞ്ഞങ്ങാട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ആഭരണം കവര്‍ന്ന കേസിൽ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുടക് സ്വദേശി പി.എ.സലീം (35) മിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആന്ധ്രയിലെ അഡോണിയിൽ വച്ചാണ് പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നൽകിയ മൊഴി.
ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. വീട്ടിലേക്കുള്ള ഫോണ്‍ വിളിയാണ് ഇയാളെ കുടുക്കിയത്. ഇതോടെയാണ് ലൊക്കേഷന്‍ മനസിലാക്കി കുടുക്കിയത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കവർച്ചയ്ക്കുശേഷം വീടിന് കുറച്ചകലെ ഉപേക്ഷിക്കുകയായിരുന്നു. അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു. അവരാണ് തിരച്ചിൽ നടത്തിയിരുന്ന നാട്ടുകാരെ വിവരം അറിയിച്ചത്.
35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here