അച്ഛനെ കൊല്ലുമെന്ന് സുഹൃത്തിൻ്റെ ഭീഷണി; കാസർകോട്ട് പത്താം ക്ലാസുകാരി ജീവനൊടുക്കി
കാസര്‍കോട്: സുഹൃത്തിന്‍റെ ഭീഷണിയെത്തുടര്‍ന്ന് പത്താം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തായ അന്‍വറിന്‍റെ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കുകയാണ് എന്നായിരുന്നു പെണ്‍കുട്ടിയുടെ മരണമൊഴി.
കഴിഞ്ഞ ദിവസം എലി വിഷം കഴിച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. പെണ്‍കുട്ടി വിഷം കഴിച്ചെന്ന് അറിഞ്ഞ അന്‍വര്‍ നാടുവിട്ടിരുന്നു. ബെംഗളൂരുവില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയും പ്രതിയായ അന്‍വറും പരിചയപ്പെടുന്നത്. ഇരുവരുടെയും ബന്ധം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞതോടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സമ്മര്‍ദത്തിനു വഴങ്ങിയ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ആന്‍വറിനെ ബ്ലോക്ക് ചെയ്തു. ബന്ധം ഉപേക്ഷിച്ചതോടെ അന്‍വര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും നാട്ടില്‍ വന്ന് ശല്യം ചെയ്യാനും തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നുമൊക്കെ പറഞ്ഞ് ഭയപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസ് വിശദീകരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here