ഷിയ മുസ്ലിങ്ങൾ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ നടന്ന വെടിവയ്പ്പിൽ 50 മരണം; പഖ്തൂൺഖ്വ പ്രവിശ്യയിൽ ഭീകരാക്രമണം തുടർക്കഥയാവുന്നു

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഷിയാ മുസ്ലീം വിഭാഗക്കാർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണം. ഇന്ന് നടന്ന വെടിവയ്പ്പിൽ 50 പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കുറം ജില്ലയിൽ കഴിഞ്ഞ കുറേ മാസങ്ങളായി സുന്നി-ഷിയാ മുസ്ലിങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ വർധിച്ചുവരികയാണ്. സമീപ വർഷങ്ങളിൽ മേഖലയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്ന് പോലീസ് പറഞ്ഞു.

Also Read: നെതന്യാഹുവിന് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്; യുദ്ധക്കുറ്റവാളിയായി അംഗീകരിക്കാതെ ഇസ്രയേൽ

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബന്നുവിലെ സുരക്ഷാ ഔട്ട്‌പോസ്റ്റിൽ കഴിഞ്ഞ ദിവസം നടന്ന ചാവേർ സ്ഫോടനത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥരും ആറ് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു പൊട്ടിത്തെറി ആസൂത്രണം ചെയ്തിരുന്നത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് പാക് സൈന്യം സ്ഥീരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇസ്ലാമിസ്റ്റ് തീവ്രവാദി സംഘടനയായ ഹാഫിസ് ഗുൽ ബഹാദൂർ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Also Read: യുക്രെയ്നുനേരെ ഇതുവരെ പ്രയോഗിക്കാത്ത ആയുധം; മോസ്കോ നൽകിയത് ആണവയുദ്ധത്തിൻ്റെ സൂചനയോ!! സംഭവിച്ചത് എന്തെന്ന് പറയാതെ കീവ്

ഷിയാ വിഭാഗക്കാരുമായി സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ താലീബാന് സ്വാധീനമുള്ള പ്രദേശത്തിലൂടെ കടന്നുപോയ വാഹനത്തിന് നേരെ തീവ്രവാദികൾ പതിയിരുന്നാണ് ഇന്ന് ആക്രമണം നടത്തിയത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പരാചിനാറിൽ നിന്നും ഖൈബർ പഖ്തൂൺഖ്‌വയുടെ തലസ്ഥാനമായ പെഷവാറിലേക്ക് പോവുകയായിരുന്നവരാണ് ആക്രമണത്തിന് ഇരയായത്.

Also Read: നിജ്ജാര്‍ വധത്തില്‍ മോദിക്കെതിരെ കാനഡ മാധ്യമം; അസംബന്ധമെന്ന് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഖാൻ ഗന്ധപൂർ ആക്രമണത്തെ അപലപിക്കുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ഉന്നതതല സംഘത്തെ അയക്കുകയും ചെയ്തു. പ്രവിശ്യയിലെ എല്ലാ റോഡുകളുടെയും സുരക്ഷ ഉറപ്പാക്കാനും പ്രവിശ്യാ ഹൈവേ പോലീസ് യൂണിറ്റ് സ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top