മല്യ, നീരവ്, ദല്ല, ബിഷ്ണോയ്… ഇവരെയൊക്കെ ഇനിയെന്ന്? ഇന്ത്യക്ക് കൈമാറാനുള്ളവരില്‍ തീവ്രവാദികൾ മുതൽ സാമ്പത്തിക കുറ്റവാളികൾവരെ

രാജ്യം വിട്ട നിരവധി കുറ്റവാളികളെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളികളായി ഇന്ത്യ പ്രഖ്യാപിച്ചവരിൽ യുഎസിൽ കഴിയുന്നവരെ തിരികെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് സജീവമാക്കിയത്.

ഈ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ് അമേരിക്കൻ കോടതിയിൽ നിന്നും ഇപ്പോൾ റാണയെ കൈമാറണം എന്നുള്ള ഉത്തരവ്. രാജ്യംവിട്ട കുറ്റവാളികളിൽ മൂന്നിലൊരു ഭാഗം ആളുകളും യുഎസിൽ ഒളിവിൽ താമസിക്കുന്നതായിട്ടാണ് ഇന്ത്യയുടെ അവകാശവാദം. തഹാവുർ ഹുസൈൻ റാണ, അർഷ് ദല്ല, അൻമോൽ ബിഷ്ണോയ്, വിജയ് മല്യ, നീരവ് മോദി എന്നിവർക്ക് വേണ്ടിയായിരുന്നു ഇന്ത്യ കടുത്ത നിയമ പോരാട്ടങ്ങൾ നടത്തി കൊണ്ടിരുന്നത്.

തഹാവുർ ഹുസൈൻ റാണ

തഹാവുർ ഹുസൈൻ റാണയെ കൈമാറണം എന്ന അമേരിക്കൻ സുപ്രിംകോടതി വിധിയിലൂടെ ഇന്ത്യ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക.

2008 നവംബര്‍ 26ന് ആണ് 160ലേറെപ്പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം നടക്കുന്നത്. പാക് ഭീകരസംഘടനകള്‍ക്കു വേണ്ടി ആക്രമണം നടത്താന്‍ യുഎസ് പൗരന്‍ ഡേവിഡ് ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തി എന്നതാണ് റാണയുടെ പേരിലുള്ള കുറ്റം. പാക്ക് ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കിയ കേസില്‍ 2011ല്‍ യുഎസ് കോടതി റാണയെ ശിക്ഷിച്ചിട്ടുണ്ട്.

അർഷ്ദീപ് സിംഗ് ഗിൽ/ അർഷ് ദല്ല

നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിൻ്റെ യഥാർത്ഥ തലവനായ ഖലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ഗിൽ എന്ന അർഷ് ദല്ല കാനഡയിലാണ് കഴിയുന്നത്. 2004 ജനുവരിയിൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കനേഡിയൻ പോലീസ് ദല്ലയെ അറസ്റ്റ് ചെയ്തിരുന്നു. അന്നുമുതൽ രാജ്യത്തെത്തിക്കാൻ ഇന്ത്യ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഡിസംബറിൽ ജാമ്യം നേടി ഇയാൾ പുറത്തിറങ്ങുകയായിരുന്നു.

അൻമോൽ ബിഷ്‌ണോയ്

ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് അൻമോൽ ബിഷ്‌ണോയ്. പഞ്ചാബി ഗായകൻ സിദ്ദു മൂസ്വാലയുടെയും എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടേയും കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് കഴിഞ്ഞ വർഷം നവംബറിൽ അൻമോൾ യുഎസിൽ അറസ്റ്റിലായിരുന്നു. ഇന്ത്യ ഇയാളെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടും കൈമാറാൻ അമേരിക്ക തയ്യാറായില്ല.

വിജയ് മല്യ

9,000 കോടിയിലധികം രൂപയുടെ വായ്പാ കുടിശ്ശിക കേസ് നേരിടുന്ന മദ്യവ്യവസായി വിജയ് മല്യ ഇപ്പോൾ യുകെയിലാണ്. 2016ൽ രാജ്യം വിട്ട മല്യയെ 2019ലാണ് പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ചത്. 180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസിൽ സിബിഐ കോടതി കഴിഞ്ഞ വർഷം അദ്ദേഹത്തിനെതിരെ പുതിയ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നീരവ് മോദി

വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും 14,000 കോടി രൂപയുടെ പിഎൻബി വായ്പാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളാണ്. 2018ൽ രാജ്യം വിട്ട നീരവ് മോദി അതേ വർഷം തന്നെ ലണ്ടനിൽ വച്ച് അറസ്റ്റിലായിരുന്നു. ഇപ്പോൾ യുകെ ജയിലിൽ കഴിയുകയാണ് അദ്ദേഹം. മെഹുൽ ചോക്സി ഇപ്പോൾ ആൻ്റിഗ്വയിലാണ്.

ഈ അഞ്ച് പേരുകൾകൊണ്ട് അവസാനിക്കുന്നതല്ല വിദേശത്തേക്ക് കടന്ന, ഇന്ത്യ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച കുറ്റവാളികളുടെ എണ്ണം. യുകെയിലുള്ള ആയുധ ഇടപാട് കൺസൾട്ടൻ്റായ സഞ്ജയ് ഭണ്ഡാരി, ദുബായിൽ അറസ്റ്റിലായ മഹാദേവ് വാതുവെപ്പ് ആപ്പിൻ്റെ പ്രൊമോട്ടറായ സൗരഭ് ചന്ദ്രാകർ ഉൾപ്പെടെ നിരവധിപേർക്ക് വേണ്ടിയുള്ള നിയമ പോരാട്ടം ഇന്ത്യ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top