ടെസ്‌ല ഇന്ത്യയിലേക്ക്; ഷോറൂമും സർവീസ് ഹബ്ബുകളും ആരംഭിക്കാന്‍ അമേരിക്കന്‍ ഭീമന്മാര്‍; ലൊക്കേഷന്‍ ഹണ്ട് തുടങ്ങി

അമേരിക്കയിലെ ഇലക്‌ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ നീക്കം. ഇന്ത്യയിൽ വിൽപ്പന ആരംഭിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായി ഡൽഹിയിലും മുംബൈയിലും ഷോറൂം പണിയാനുള്ള സ്ഥലങ്ങൾ പരിശോധിച്ചതായാണ് വിവരം.
ഏകദേശം നാല് വർഷത്തിനിടെ ആദ്യമായാണ് ആഗോള വാഹന വിതരണത്തിൽ ടെസ്‌ല ഇടിവ് നേരിട്ടത്. കുറഞ്ഞ ചിലവിലുള്ള വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തലാക്കിയതാണ് പ്രധാന കാരണം. ഇതോടെയാണ് പുതിയ വിപണികളിലേക്ക് വ്യവസായം വ്യാപിപ്പിക്കുന്നത്. 3,000 മുതൽ 5,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ഷോറൂമും ഓരോ നഗരത്തിലും ഒരു സർവീസ് ഹബും ആരംഭിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ജർമ്മനിയിലെ പ്ലാൻ്റിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകളുടെ ഉത്പാദനവും ആരംഭിച്ചു. കുറഞ്ഞത് 500 മില്യൺ ഡോളർ നിക്ഷേപിക്കുകയും ഫാക്ടറി സ്ഥാപിക്കുകയും ചെയ്യുന്ന വാഹന നിർമ്മാതാക്കൾക്കുള്ള ഇലക്ട്രിക് വാഹന ഇറക്കുമതി നികുതി നൂറ് ശതമാനത്തില്‍ നിന്ന് 15% ആയി ഇന്ത്യ കുറച്ചതും അനുകൂല സാഹചര്യമാണ്. കഴിഞ്ഞ മാസം ടെസ്‌ല എക്സിക്യൂട്ടീവുകൾ ലൊക്കേഷനുകൾ കണ്ടെത്താന്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഈ വര്‍ഷം തന്നെ നിർമ്മാണം ആരംഭിക്കാന്‍ കമ്പനി താത്പര്യപ്പെട്ടതായാണ് വിവരം.
2023ല്‍ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 2% മാത്രമായിരുന്നു ഇലക്ട്രിക് കാറുകള്‍. എന്നാൽ 2030 ആകുമ്പോഴേക്കും കാർ വിൽപ്പനയുടെ 30% ഇലക്‌ട്രിക് ആയിരിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം അതിവേഗം ഉയരുമെന്നാണ് പ്രതീക്ഷ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here