വനിതാ റിപ്പോർട്ടറെ തല്ലിയത് ക്യാമറക്ക് മുന്നിൽ; തായ്‌ലൻഡ് നേതാവ് കുരുക്കിൽ

വനിതാ റിപ്പോർട്ടറെ പരസ്യമായി തല്ലിയ തായ്‌ലൻഡിലെ മുതിർന്ന രാഷ്ട്രീയ നേതാവും മുൻ സൈനിക മേധാവിയുമായ പ്രവിത് വോങ്‌സുവോൻ വെട്ടിൽ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് തായ്‌ലൻഡ് പാർലമെന്റ് അറിയിച്ചു. പുതിയ പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോഴാണ് പാലാങ് പ്രചാരത്ത് പാർട്ടി (പിപിആർപി) നേതാവ് വോങ്‌സുവോൻ തായ്‌പിബിഎസ് റിപ്പോർട്ടറുടെ തലയിൽ അടിച്ചതെന്നാണ് ബിബിസിയുടെ റിപ്പോർട്ട്.

വോങ്‌സുവോനെതിരെ വനിതാ റിപ്പോർട്ടർ പരാതി നൽകിയതോടെയാണ് കേസ് അന്വേഷിക്കുമെന്ന് തായ് പാർലമെന്റ് അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 79 കാരനായ വോങ്‌സുവോൻ നടന്നുവരുമ്പോൾ മാധ്യമപ്രവർത്തകർ ചുറ്റും കൂടുന്നതും, ഒരു വനിതാ റിപ്പോർട്ടർ ചോദ്യം ചോദിക്കുമ്പോൾ “നിങ്ങൾ എന്താണ് ചോദിക്കുന്നത്? എന്താണ്? എന്താണ്?” എന്ന് പറഞ്ഞ് പലവട്ടം അവരുടെ തലയിൽ അടിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നതോടെ പിപിആർപി പാർട്ടി വക്താവ് മറുപടിയുമായി രംഗത്തെത്തി. വോങ്‌സുവോന് പരിചയമുള്ളയാളാണ് വനിതാ റിപ്പോർട്ടറെന്നും അവരോട് ക്ഷമാപണം നടത്തിയെന്നും വക്താവ് അറിയിച്ചു. തായ്‌ലൻഡിന്റെ മുൻ സൈനിക മേധാവിയായിരുന്നു വോങ്‌സുവോൻ. കഴിഞ്ഞ വർഷം വരെ സൈനിക പിന്തുണയോടെ ഭരിച്ച സർക്കാരിന് കീഴിൽ ഉപപ്രധാനമന്ത്രിയായിരുന്നു വോങ്സുവോൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top